ഡോക്ടര്‍മാരില്ല; ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങുന്നു
1585206
Wednesday, August 20, 2025 7:31 AM IST
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു. ഡോക്ടര്‍മാരുടെ കുറവു മൂലമാണ് രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങുന്നത്. ആശുപത്രിയില്‍ ദിവസവും ചികിത്സയ്ക്കെത്തുന്നത് നൂറുകണക്കിന് രോഗികളാണ്. ജനറല്‍ മെഡിസിന്, ഓര്‍ത്തോ, സര്‍ജറി, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെല്ലാമുള്ള ഡോക്ടര്‍മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
നാളുകള്‍ക്കു മുമ്പ് നേത്രരോഗ വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് അടക്കം നാലു പേരാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴുള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രം. ആരോഗ്യവകുപ്പുതന്നെ ഈ ഡോക്ടര്‍മാരെ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജോലികള്‍ക്കു നിയോഗിച്ചിരിക്കുകയാണ്.
ഇതോടെ പല ദിവസങ്ങളിലും ഒപി അടച്ചിടേണ്ട അവസ്ഥയാണ്. ഈ ദിവസങ്ങളില്‍ ഇവിടെയെത്തുന്ന രോഗികള്‍ തിരികെ മടങ്ങുകയാണ്.
വൈറല്‍ പനി ഉള്‍പ്പെടെ പടരുമ്പോള്‍ ദിവസവും നാനൂറോളം രോഗികളാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. പല ദിവസങ്ങളിലും ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതോടെ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. സീനിയര്‍ കണ്‍സള്‍ട്ടന്റിന്റെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ തസ്തിക ഒഴിവാക്കി കണ്‍സള്‍ട്ടന്റിനെ നിയമിക്കണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.
നാല് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സര്‍ജറി ഒപിയിലും ഇപ്പോഴുള്ളത് രണ്ടുപേര്‍ മാത്രം. രണ്ട് സര്ജന്മാര് ഇവിടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പരിഗണിക്കുന്നില്ല.
ന്യൂറോ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭിച്ചിരുന്നതാണ്. സ്ട്രോക് ഐസിയു സജ്ജീകരിച്ച് നാലായിരത്തോളം രോഗികള്‍ക്ക് ചികിത്സയും നല്‍കിയിരുന്നു. എന്നാല്‍, 2022ല്‍ ന്യൂറോ ഡോക്ടറെ സ്ഥലം മാറ്റിയതോടെ ന്യൂറോ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
ആശുപത്രിയിലെ ഒപി സമയം കഴിഞ്ഞാല്‍ പിന്നെ അത്യാഹിത വിഭാഗത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്.
ഡോക്ടര്‍മാരുടെ കുറവ് കാരണം മിക്ക ദിവസവും എല്ലാ ഒപിയും പ്രവര്‍ത്തിക്കാറില്ല. ഇത് സ്പെഷാലിറ്റി വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്കു വലിയ പ്രയാസമാണുണ്ടാക്കുന്നത്.
വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടന്, പോള്‍സണ്‍ പീറ്റര്‍, ജോജി കുറത്തിയാട്, ലൂയിസ് കുര്യന്, സാല്‍വിന്‍ കൊടിയന്ത്ര എന്നിവര്‍ ചേര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു നിവേദനം നല്കി.
അടിയന്തരമായി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി.