നഗരസഭ തുടലെടുക്കണം... പിടിച്ചുകെട്ടണം, തെരുവുനായകളെ
1585352
Thursday, August 21, 2025 6:08 AM IST
കോട്ടയം: അക്ഷരനഗരിക്കു കാവല്‍ നില്ക്കുകയല്ല, എണ്ണിയാലൊടുങ്ങാത്ത തെരുവുനായക്കൂട്ടം. പേയിളകി രൗദ്രഭാവത്തോടെ ഓടിനടന്നു ജനങ്ങളെ കടിക്കുകയാണ്. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ഇങ്ങനെയൊരു നഗരസഭയെന്ന് ജനം ചോദിച്ചുപോകുംവിധം നഗരത്തിന്റെ ആധിപത്യാധികാരം നായകള്‍ അവകാശമാക്കിയിരിക്കുന്നു.
തെരുവുനായ നിയന്ത്രണവും നിര്‍മാര്‍ജനവും തദ്ദേശസ്ഥാപനത്തിന്റെ ചുമതലയാണെന്ന തിരിച്ചറിവ് നഗരഭരണക്കാര്ക്കും പ്രതിപക്ഷത്തിനും ഇല്ലാതെപോയിരിക്കുന്നു. കോട്ടയം നഗരമധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ കടിച്ചുകീറിയവരില് മുന്‍ നഗരസഭാധ്യക്ഷന്‍ പി.ജെ. വര്‍ഗീസും ഉള്‍പ്പെടുന്നു.
കോട്ടയം നഗര മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ബസ് സ്റ്റോപ്പുകളും വെയിറ്റിംഗ് ഷെഡുകളും തെരുവുനായകള്‍ക്ക് നഗരസഭ പതിച്ചുനല്‍കിയ മിച്ചഭൂമിയാണെന്നു തോന്നിപ്പോകും. 12 കിലോമീറ്റര്‍ വിസ്തൃതിയുള്ള കോട്ടയം നഗരസഭയില്‍ രണ്ടു ലക്ഷം ജനങ്ങള്‍ സ്ഥിരവാസക്കാരായുണ്ട്. ഒരു ലക്ഷം പേര് വന്നുപോകുന്നവരുണ്ട്.
ഇതിനു നടുവില്‍ ആക്രമണകാരികളായ എത്ര തെരുവുനായകളുണ്ടെന്നതിന് കണക്കില്ല. ദിവസവും എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. തെരുവുനായ വന്ധ്യംകരണം ജൂണില്‍ വിപുലമായ ചടങ്ങുകളോടെ തുടങ്ങി ജൂലൈയില്‍ പര്യവസാനിച്ചു. പട്ടിപിടിത്തക്കാര്‍ക്ക് ഇരുപതു നായകളെപ്പോലും പിടികൂടാന്‍ സാധിച്ചില്ല.
നഗരസഭാ പരിധിയിലെ കോടിമതയില്‍ വന്ധ്യംകരണത്തിനും പേവിഷബാധ പ്രതിരോധ കുത്തിവയ്പിനും വിപുലമായ സംവിധാനമുണ്ടെന്നിരിക്കെയാണ് നഗരവാഴ്ച തെരുവുനായകളുടെ അധീനതയിലായത്.
വന്ധ്യംകരണം, ഷെല്‍ട്ടര്‍ ഹോം തുടങ്ങി പല പദ്ധതികള്‍ക്കും ലക്ഷങ്ങള്‍ ഫണ്ട് മാറ്റിവച്ചതല്ലാതെ നഗരസഭയ്ക്ക് ജനങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാന്‍ സാധിച്ചിട്ടില്ല. അറവുശാല, ഹോട്ടല്‍, മാര്‍ക്കറ്റ് മാലിന്യങ്ങള്‍ മാത്രമല്ല, അന്നദാനം നടത്തി മനോസുഖം അനുഭവിക്കുന്ന കുറെ മൃഗസ്നേഹികളും നായകള്‍ക്ക് കരുതലാണ്. തനിച്ചല്ല, എട്ടും പത്തും നായകള്‍ ഒന്നുചേർന്ന് റോന്തു ചുറ്റി തലങ്ങും വിലങ്ങും കടിക്കുന്ന സംഭവങ്ങൾ ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കാം.
ഒരു നായയ്ക്ക് പേയിളകിയാല്‍ വിഷബാധ ആയിരം നായകളിലേക്ക് കടക്കാമെന്നിരിക്കെ അതിഭയാനകമാണ് കോട്ടയത്തെ തെരുവുനായ വാഴ്ച. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെയും നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെയും ശാസ്ത്രി റോഡിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെയും ചില ഭാഗങ്ങള്‍ നഗരസഭ കടിയന്നായകള്ക്ക് തീറെഴുതിക്കൊടുത്ത മട്ടാണ്.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡീസല്‍ പമ്പിനു സമീപത്തേക്ക് ആരു കടന്നുചെന്നാലും ഇരുപതോളം നായകളുടെ സംഘം കടിച്ചുകീറാന്‍ പാഞ്ഞുവരും. നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അയ്യായിരത്തോളം വ്യാപാര വാണിജ്യസ്ഥാപനങ്ങളും ഒട്ടേറെ ആരാധനാലയങ്ങളും നഗരത്തിലുണ്ട്.
വഴിനടപ്പുകാര്‍ മുതല്‍ നിരത്തുകച്ചവടക്കാര് വരെ ഭീതിയിലാണ് ഓരോ നിമിഷവും കഴിയുന്നത്. രാത്രി വൈകി വിജനമായ പ്രദേശത്തുകൂടി ഒരാള്‍ക്കും സുരക്ഷിതമായി നടക്കാനാവില്ല. പ്രഭാത, സായാഹ്ന സവാരിക്ക് പുറത്തിറങ്ങാനാവില്ല.
കാറില്‍ മാത്രം നഗരസഭയിലെത്തുന്ന ജനപ്രതിനിധികളാരും തെരുനായ കടിച്ചുകീറാനായി പാഞ്ഞുവരുമ്പോള്‍ ഭയന്നോടുന്ന ജനങ്ങളുടെ നിലവിളി കേള്‍ക്കുന്നില്ല. ജോലിയും പഠനവും ഒഴിവാക്കി പട്ടികടിയുടെ ഇരകള്‍ പ്രതിരോധകുത്തിവയ്പിനായി നെട്ടോട്ടമോടുന്നതും നഗരഭരണാധിപര്ക്ക് അറിയേണ്ടതില്ല.
പ്രതിരോധവും പരാജയപ്പെടാം
കോട്ടയം: പട്ടികടിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്താലും മരണം സംഭവിക്കാം. വാക്സിനെടുത്തിട്ടും അടുത്തയിടെ മൂന്നു കുട്ടികള്‍ സംസ്ഥാനത്തു മരിച്ചു. കുട്ടികളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളില്‍ വാക്സിനൊപ്പം നല്‍കേണ്ട ഇമ്യൂണോഗ്ലോബുലിന്‍ ലഭ്യമായിരുന്നില്ല. കോട്ടയത്തും ഇതുതന്നെയാണ് സ്ഥിതി.

കടിയേറ്റയുടന്‍ അര മണിക്കൂര്‍ തുടരെ മുറിവ് ബാർസോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകണമെന്ന നടപടിയും ഉണ്ടായില്ല. വാക്സിന് ആന്റിബോഡി ഉത്പാദിപ്പിക്കും മുമ്പ് അണുബാധയുണ്ടായതാണ് കുട്ടികള്‍ മരിക്കാന്‍ കാരണമായത്. കടിയേറ്റ ഭാഗം, മുറിവിന്റെ ആഴം, വൈറസിന്റെ തീവ്രത എന്നിവയാണ് വാക്സിനെടുത്താലും പേവിഷബാധ ഉണ്ടാകാന്‍ ഇടയാക്കുന്നത്. കൂടുതല്‍ നാഡികളുള്ള തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരല്‍ത്തുമ്പുകള്‍ എന്നിവിടങ്ങളില്‍ കടിയേറ്റാല്‍ വൈറസ് വേഗം തലച്ചോറിലെത്തും.
കുടുംബശ്രീ ഉണ്ടായിരുന്നെങ്കില്‍...
കോട്ടയം: മുന്‍പ് കുടുംബശ്രീ തെരുവുനായ വന്ധ്യംകരണ ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ പ്രവര്‍ത്തനം സജീവമായിരുന്നു. 2017 മുതല്‍ 2021 വരെ സംസ്ഥാനത്ത് 79,426 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താന്‍ കടുംബശ്രീക്ക് സാധിച്ചു. 2021ല്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കുടുംബശ്രീയുടെ ഈ അംഗീകാരം എടുത്തു കളഞ്ഞതാണ് വന്ധ്യംകരണം പ്രതിസന്ധിയിലാക്കിയത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടികളുണ്ടായില്ല.
കൊന്നൊടുക്കാതെ തീരുമാനമില്ല
കോട്ടയം: ഉടമകളില്ലാത്തതും ഉടമകള്‍ ഉപേക്ഷിച്ചതുമായ തെരുവുനായകളില്‍ ഒന്നിനുപോലും ഉടമസ്ഥതാവകാശമില്ലെന്നിരിക്കെ ഇവയുടെ പെറ്റുപെരുകൽ നിയന്ത്രിക്കാന്‍ നടപടിയുണ്ടായേ തീരൂ. ഒരു പെണ്‍നായ വര്‍ഷം രണ്ടു തവണയായി എട്ടും പത്തും കുഞ്ഞുങ്ങളെവരെ പ്രസവിക്കാമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. എട്ടു മാസം പ്രായമാകുമ്പോള്‍ പെണ്‍നായ പ്രസവിക്കാന്‍ പാകമാകും.
ഇത്തരത്തില്‍ പത്തു പെണ്നായകള് ഒരു വര്‍ഷം നൂറോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. പ്രായം, രോഗം തുടങ്ങിയ കാരണങ്ങളാല്‍ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ പലരാണ്. ഇത്തരം നായകളെ ഏറ്റെടുക്കാന്‍ സ്ഥാപനങ്ങളും സംവിധാനങ്ങളുമില്ല. അറവുശാല മാലിന്യം തിന്നുന്ന നായകള്‍ കൂടുതല്‍ അക്രമസ്വഭാവം കാണിക്കും. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ കാത്തുനിന്ന് ആക്രമിക്കുന്നതും ചില നായകളുടെ സ്വഭാവമാണ്. തെരുവുനായകള്‍ക്ക് ദയാവധം എന്നത് നടപ്പാക്കാത്തിടത്തോളം കാലം പട്ടികടിയേൽക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.