ഡോക്ടറും സ്വീപ്പറും തൂന്പയെടുത്തിറങ്ങി; മാലിന്യക്കൂന ഇപ്പോൾ പുൽത്തകിടി
1585340
Thursday, August 21, 2025 6:08 AM IST
പാലാ: മാലിന്യക്കൂന കണ്ട് മനസ് മടുത്ത് ഡോക്ടറും സ്വീപ്പറും തൂന്പയെടുത്തപ്പോൾ വിരിഞ്ഞത് പുൽത്തകിടി. പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ പേവാര്‍ഡിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. പി.എം. ഷാനുവും പാര്‍ട്ട്ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയും ചേര്‍ന്ന് ആരെയും ആകർഷിക്കുന്ന പുൽമേടാക്കിയത്.
പേവാര്‍ഡിനോടു ചേര്‍ന്നു കാരുണ്യ ഫാര്‍മസിയിലേക്കുള്ള കയറ്റം കയറുന്നതിന്റെ രണ്ടു വശവും കാട്ടുപള്ളകളും പുൽച്ചെടികളും മാലിന്യക്കെട്ടുകളുമായി വൃത്തിഹീനമായിരുന്നു.
ആളുകൾ കൂടുതലായി ഇവിടേക്ക് മാലിന്യമെറിയാൻ തുടങ്ങിയതോടെ കാടും പടലും നീക്കി ഇവിടം ഉദ്യാനമാക്കി മാറ്റിയാലെന്തെന്നു ഡോ. ഷാനുവും ഹരികുമാറും ചിന്തിച്ചു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷിനെ അറിയിച്ചപ്പോള്‍ ഇദ്ദേഹത്തിനും നൂറുവട്ടം സമ്മതം.
ഒപ്പം ചേർന്നപ്പോൾ
തൊട്ടടുത്ത ഞായറാഴ്ച തൂമ്പയും കൊട്ടയുമൊക്കെയായി ഡോ. പി.എം. ഷാനും സ്വീപ്പര്‍ ഹരികുമാര്‍ മറ്റക്കരയും തൊടിയിലിറങ്ങി. മാലിന്യം നീക്കുക എന്നതുതന്നെ വലിയ പണിയായിരുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ഇതു ചെയ്തത്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ ഡോ. അരുണ്‍, ഡോ. രേഷ്മ, നഴ്സിംഗ് സൂപ്രണ്ട് വി.എം. ഷെറീഫ എന്നിവരുടെ നേതൃത്വത്തില്‍ സഹജീവനക്കാരും പിന്തുണയുമായെത്തി.
ഇപ്പോൾ ഫോട്ടോഷൂട്ടും
ചെടികളും മരങ്ങളും മറ്റും വെട്ടിനീക്കി മണ്ണ് കിളച്ചു കല്ലുകളും മറ്റും നീക്കി വൃത്തിയാക്കിയെടുത്തു.കഴിഞ്ഞ ജൂലൈ മാസത്തോടെ പച്ചപ്പുല്ല് പടര്‍ത്തി ഇതിപ്പോള്‍ പച്ചപ്പരവതാനി പോലെ നിറഞ്ഞു മനോഹരമായി. ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിന് അടുത്തായതിനാല്‍ തട്ടുതട്ടായുള്ള ഈ പുല്മേടില് ഇപ്പോള്‍ ഫോട്ടോഷൂട്ടിനും മറ്റുമായി പലരും എത്തുന്നുണ്ട്. പച്ചപ്പുല്‍ ഗാര്ഡന്റെയും ഗാര്ഡന് ക്ലബ്ബിന്റെയും ഉദ്ഘാടനം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി. അഭിലാഷ് നിര്‍വഹിച്ചു.