വിരമിച്ച ജീവനക്കാരുടെ അനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് കുറ്റകരം: തിരുവഞ്ചൂര്‍
1585446
Thursday, August 21, 2025 7:11 AM IST
കോട്ടയം: പിരിഞ്ഞുപോയ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും പിഎഫ് അനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുന്നത് കുറ്റകരമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ട്രാവന്‍കൂര്‍ സിമിന്റ്സില്നിന്നു വിരമിച്ച ജീവനക്കാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ വേതനത്തില്‍നിന്ന് ഈടാക്കിയ തുക പോലും പിഎഫില്‍ അടയ്ക്കാഞ്ഞതു മൂലം അവര്‍ക്ക് ഹയർ ഓപ്ഷന് പോലും നിരസിച്ചു. ഇതിന്റെ പലിശയും പിഴപ്പലിശയും അടച്ച് അവര്‍ക്കുകൂടി വര്‍ധിച്ച പെന്ഷന് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കണം. തടഞ്ഞുവച്ച ഗ്രാറ്റുവിറ്റി എത്രയും പെട്ടന്ന് നല്‍കണമെന്നും കമ്പനി സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സ് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ രാധാകൃഷ്ണപിള്ള, രത്നകുമാര്‍, ജോസ് പോള്‍, വി.പി. പ്രസന്നന്, എസ്. രാധാകൃഷ്ണന്, എം.സി. ബാബു, ജോസഫ് പോള്‍, കെ.വി. ഹംസ എന്നിവര്‍ പ്രസംഗിച്ചു.