എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍
1585464
Thursday, August 21, 2025 7:27 AM IST
കടുത്തുരുത്തി: ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചു കടുത്തുരുത്തി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍. വെള്ളൂര്‍ സിമന്റ് ഫാക്ടറി-പൈപ്പ് ലൈന്‍ ഭാഗത്തുനിന്ന് കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിനാണ് മൂന്നുപേരെ കണ്ടെത്തിയത്. ഇവരില്‍നിന്ന് 34 ഗ്രാം കഞ്ചാവ് കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരം വെള്ളൂര്‍ സിമന്റ് ഫാക്ടറി -പൈപ്പ് ലൈന്‍ ഭാഗത്തുനിന്നുമാണ് കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവച്ചതിനും ഇവരെ പിടികൂടിയത്.
വെള്ളൂര്‍ പൈപ്പ് ലൈന്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചേര്‍ത്തല സ്വദേശി സാം സജീവ് (20), തലപ്പാറ സ്വദേശി അമല്‍സണ്‍ (24)എന്നിവരെയാണ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ തലയോലപ്പറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലെ പ്രതിയാണെന്നും പറയുന്നു.
ഇയാളാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്നും മൂവരുടെയും പേരില്‍ കേസെടുത്തതായും കടുത്തുരുത്തി എക്സൈസ് പോലീസ് അറിയിച്ചു. ഇവരില്‍നിന്ന് ലഭിച്ച കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അനില്‍കുമാര്‍ പറഞ്ഞു.
അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി. ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എച്ച്. ഹരികൃഷ്ണന്, മനു മധു, എം.എ. അമൃത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രീതി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ലിജേഷ് ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു.