ഒടുവില്‍ തിരിച്ചറിഞ്ഞു, ആ അജ്ഞാത രക്ഷകനെ
1585347
Thursday, August 21, 2025 6:08 AM IST
കോട്ടയം: ഒടുവില്‍ തിരിഞ്ഞറിഞ്ഞു, ആ അജ്ഞാത രക്ഷകനെ. ബുധനാഴ്ച നാഗമ്പടത്തു കാറിനുള്ളില്‍ ശാരീരിക അവശതകളാല്‍ കുടുങ്ങിപ്പോയ, സതീഷ് ധവാന് സ്പേസ് റിസേര്‍ച്ച് സെന്റര്‍ മുന്‍ ഉദ്യോഗസ്ഥന് ബാബു ജോസഫിനെ രക്ഷപ്പെടുത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന യുവാവിനെ പിന്നീട് തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ബാബു ജോസഫിനെ കാറിലേക്കു കയറ്റിയപ്പോൾ വിഷ്ണുപ്രസാദ് ഡ്രൈവിംഗ് സീറ്റിലേക്കു ചാടിക്കയറി കാർ ആശുപത്രിയിലേക്കു പറപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ഉടനെ പോയതോടെയാണ് ആരെന്നു തിരിച്ചറിയാതിരുന്നത്. ഇന്നലെ ബാബു ജോസഫിന്റെ ഫോണിലേക്കു വിളിയെത്തിയതോടെ സന്മനസുള്ള ആ അജ്ഞാതനെ കണ്ടെത്തി. സംക്രാന്തി പയ്യില് വിഷ്ണു പ്രസാദാണ് കാര്‍ ഓടിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. കാറിനുള്ളിൽ അവശനിലയിൽ ബാബു ജോസഫിനെ കണ്ടതോടെ അതു വഴി കടന്നുപോവുകയായിരുന്ന സിപിഒ അനീഷ് സിറിയക്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയൻ, വിഷ്ണു പ്രസാദ്, സുഹൃത്ത് ഹഫീസ് അഷറഫ് എന്നിവർ സഹായിക്കാനെത്തുകയായിരുന്നു. അനീഷ് സിപിആർ നൽകി. അദ്ദേഹത്തെ കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി.
ഈ സമയം അതുവഴി വന്ന വിഷ്ണുപ്രസാദ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്കു ചാടിക്കയറി കാരിത്താസ് ആശുപത്രിയിലേക്കു വാഹനം പറപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ച ശേഷം കാറോടിച്ച വിഷ്ണു മറ്റൊരു കാറില്‍ കയറി യാത്രയായി. വിഷ്ണു കാര്‍ നന്നാക്കിയശേഷം സുഹൃത്ത് ഹഫീസിനൊപ്പം മടങ്ങും വഴിയാണ് സംഭവത്തിന്റെ ഭാഗമായത്. ആശുപത്രിയിലെത്തിച്ച ശേഷം പിന്നാലെ സുഹൃത്ത് ഹഫീസ് ഓടിച്ച കാറില്‍ മടങ്ങുകയായിരുന്നു. നാലു പേരെയും ഇന്നലെ കാരിത്താസ് ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു.