ചേറ്റിലോട്ടവും ട്രക്കിംഗുമായി കോഴായുടെ കാർഷികോത്സവം
1585344
Thursday, August 21, 2025 6:08 AM IST
കുറവിലങ്ങാട്: ഏഴാം പതിറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ജില്ലാ കൃഷിത്തോട്ടത്തിൽ കാർഷികോത്സവം വരുന്നു. 26ന് കൂറ്റൻ റാലിയോടെ തുടക്കമിടുന്ന പരിപാടിയിൽ ആകർഷകമായ മത്സര ഇനങ്ങളും വേറിട്ട വിഭവങ്ങളുമുണ്ടാകും. 1957ൽ ആരംഭിച്ച ജില്ലാ കൃഷിത്തോട്ടം ഇതാദ്യമായാണ് ഇത്രയും വിപുലമായ കാർഷികമേളയ്ക്ക് ആതിഥ്യമരുളുന്നത്. കോഴായിലെ സംസ്ഥാന സീഡ്ഫാമും കാർഷികമേളയുടെ ഭാഗമാകും.
പ്രദർശനവും വില്പനയുമായി 72 സ്റ്റാളുകൾ ആർഎടിടിസിയുടെ അങ്കണത്തിൽ ഒരുക്കും. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് 25 സ്റ്റാളുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
മഡ് ഫുട്ബോളും
സീഡ് ഫാം പാടത്ത് ചേറ്റിലോട്ടവും മഡ് ഫുട്ബോളും നടത്തും. ജില്ലാ കൃഷിത്തോട്ടത്തിൽ പറക്കത്താനത്തേക്ക് ട്രക്കിംഗ് അനുഭവം സമ്മാനിക്കുന്ന യാത്രയും നടത്തും. ചൂണ്ടയിടീൽ, മരത്തിലെ വീട്, സൂര്യകാന്തിപ്പാടം, മത്സ്യക്കുളം എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളുണ്ടാകും. പച്ചക്കറി അരിയൽ, ചെടികളെ അറിയൽ എന്നിങ്ങനെ മത്സരങ്ങളും നടത്തും.
കലാസന്ധ്യയും നാടൻ കലാരൂപങ്ങളും സന്ദർശകരെ ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഫാം തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ എന്നിങ്ങനെയാണ് വിവിധ മത്സരങ്ങൾ ഒരുക്കുന്നത്.
ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയൻ ഭാരവാഹികളും പ്രസംഗിച്ചു. പരിപാടിക്കായി 15 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.