കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയിൽ ഇനി റോബോട്ടിക് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും
1585444
Thursday, August 21, 2025 7:11 AM IST
കിടങ്ങൂര്‍: അതിനൂതന റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രിയില്‍ തുടക്കമായി.
ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയാ സംവിധാനമാണിത്. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് റോബോട്ടിന്റെ ആശീര്‍വാദം നിര്‍വഹിച്ചു.
എസ്വിഎം സുപ്പീരിയര്‍ ജനറലും ആശുപത്രിയുടെ ചെയര്‍പേഴ്സണുമായ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം അധ്യക്ഷത വഹിച്ചു.റോബോട്ട് ഓര്‍ത്തോപീഡിക് ആന്‍ഡ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസിന് കൈമാറി.
ഓരോത്തരുടെയും കാലിന്റെ സ്വാഭാവികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച് ഓരോ വ്യക്തിക്കും ആവശ്യമായ രീതിയില്‍ മുട്ട് മാറ്റിവയ്ക്കാം എന്നുള്ളതും സിടി സ്കാന്‍ ആവശ്യമില്ലെന്നുള്ളതും വെലിസ് റോബോട്ടിക് സംവിധാനത്തെ വേറിട്ടതാക്കുന്നു. കൃത്യമായും സൂക്ഷ്മതയോടെയും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മെച്ചം.
ചെറിയ മുറിവേ ഉണ്ടാകൂ എന്നതിനാല്‍ ഇതുവഴി രക്തനഷ്ടം, വേദന, അണുബാധ ഉണ്ടാകാനുള്ള സാഹചര്യം എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറക്കാനും സാധിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം അറിയിച്ചു.