ജില്ലയിലെ 32 കുടുംബശ്രീ സിഡിഎസുകള്‍ക്ക് ഐഎസ്ഒ അംഗീകാരം
1585335
Thursday, August 21, 2025 6:07 AM IST
കോട്ടയം: ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു അഭിമാനനേട്ടം. ഗുണനിലവാര സംവിധാനത്തിന്റെ അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001:2015 സര്ട്ടിഫിക്കേഷന് ജില്ലയില്‍ 32 സിഡിഎസുകള്‍ കരസ്ഥമാക്കി. ഐഎസ്ഒ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍നിന്ന് 32 കുടുംബശ്രീ സിഡിഎസുകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരുന്നത്.
ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച് 32 സിഡിഎസുകളും സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കി. ഫയലുകളുടെ ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, എന്‍എച്ച്ജി വിവരങ്ങളുടെ തുടര്‍ച്ചയായ പുതുക്കല്‍, ഓഫീസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.
ഭരണങ്ങാനം, വാകത്താനം, മീനച്ചില്‍, കടനാട്, ചിറക്കടവ്, കൂട്ടിക്കല്‍, തിരുവാര്‍പ്പ്, മുണ്ടക്കയം, രാമപുരം, വാഴൂര്‍, വെളിയന്നൂര്‍, പനച്ചിക്കാട്, ഏറ്റുമാനൂര്‍, കുറിച്ചി, മുളക്കുളം, വെള്ളൂര്‍, അയ്മനം, ഞീഴൂര്‍, തിടനാട്, കങ്ങഴ, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, ചെമ്പ്, കറുകച്ചാല്‍, കോട്ടയം നോര്‍ത്ത്, കല്ലറ, എലിക്കുളം, പൂഞ്ഞാര്‍ സൗത്ത്, തലനാട്, തീക്കോയി, തൃക്കൊടിത്താനം, കിടങ്ങൂര്‍ എന്നീ സിഡിഎസുകളാണ് ഐഎസ്ഒ അംഗീകാരം നേടിയത്. ജില്ലയില്‍ ശേഷിക്കുന്ന 46 സിഡിഎസുകളും സര്ട്ടിഫിക്കേഷന് നേടാനുള്ള തയാറെടുപ്പിലാണെന്നു ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.