സിഎംഎസ് കോളജില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി
1585551
Thursday, August 21, 2025 11:35 PM IST
കോട്ടയം: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎംഎസ് കോളജില്‍ സംഘര്‍ഷം. പോലീസ് പലതവണ ലാത്തിവീശി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും സിപിഎം നേതാക്കളും കോളജ് മാനേജ്മെന്റും നടത്തിയ ചര്‍ച്ചയില്‍ സമാധാനപരമായി എല്ലാവരും പിരിഞ്ഞുപോകാനും യൂണിയന് തെരഞ്ഞെടുപ്പ് ഫലം പിന്നീട് വൈബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കാനും തീരുമാനമായി.
ഇന്നലെ വൈകുന്നേരം നാലോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്യു കാമ്പസില്‍ പ്രതിഷേധമുയര്‍ത്തി. ക്ലാസ് റെപ്രസെന്റേറ്റീവ് തെരഞ്ഞെടുപ്പില്‍ കെഎസ്യു മുന്നിട്ടുനില്ക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ മനഃപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം. ചെയര്മാന് അടക്കമുള്ള പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്, ആദ്യഘട്ടത്തില്‍ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് റെപ്രസന്റേറ്റീവുകളാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസിന്റെ വന്‍ സന്നാഹവും എത്തി. പോളിംഗ് നടക്കുന്നതിനിടയില്‍ ഇരുകൂട്ടരും പല തവണ പ്രകോപനമുണ്ടാക്കി. പോളിംഗ് നടക്കുന്ന ഗ്രേറ്റ് ഹാളിലേക്ക് പലതവണ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആഷികിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇടിച്ചുകയറാന്‍ ശ്രമം നടത്തിയെങ്കിലും അധ്യാപകരും പോലീസും ചേര്‍ന്നു തടയുകയായിരുന്നു.
കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ ഇരു വിഭാഗം വിദ്യാര്‍ഥികളും പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ സ്ഥലത്തുനിന്നു നീക്കം ചെയ്യാന്‍ പോലീസ് പല തവണ ഇടപെട്ടെങ്കിലും നടന്നില്ല. വൈകുന്നേരം 6.30 ഓടെ ബസേലിയോസ് കോളജില്‍ യൂണിയന് ഭരണം പിടിച്ചെടുത്ത കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായി കോളജിലേക്ക് എത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. ഗേറ്റിനു പുറത്തുനിന്നും പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് കല്ലെറിഞ്ഞു.
കാമ്പസില്‍നിന്നു തിരിച്ചും പ്രകോപനമുണ്ടായി. ഈ സമയം സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, നേതാക്കളായ ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവര്‍ കാമ്പസിലെത്തി. ഇവരുടെ വാഹനവും കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞു. ഈ സമയം കാമ്പസിലേക്ക് എത്തിയ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ വാഹനവും വിദ്യാര്‍ഥികള്‍ തടഞ്ഞു. തുടര്‍ന്ന് പുറത്തു നിന്നെത്തി കല്ലെറിഞ്ഞ വദ്യാര്‍ഥി സംഘത്തെ നിയന്ത്രിക്കാന്‍ പോലീസ് ചീഫിനോട് സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശം നല്കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും സ്ഥലത്ത് എത്തി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രശ്നം പരിഹരിച്ച് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.
കഴിഞ്ഞ 25 വര്‍ഷമായി എസ്എഫ്ഐയുടെ കുത്തകയാണ് സിഎംഎസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്. ഇത്തവണ യൂണിയന് ഭരണം നഷ്ടപ്പെടുമെന്ന ഭീതിയാണ് സംഘര്‍ഷത്തിനും അക്രമത്തിനും പിന്നിലെന്ന് കെഎസ്യു ആരോപിച്ചു. അതേ സമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും മാനേജ്മെന്റിന്റെ ഒത്താശയോടെ പോലീസ് എസ്എഫ്ഐയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.