പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
1585536
Thursday, August 21, 2025 10:40 PM IST
കൂട്ടിക്കൽ: പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിർമിച്ച 11 വീടുകളുടെ താക്കോൽദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാനസർക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം ജനങ്ങളുടെ കണ്ണീരൊപ്പുന്ന ക്ഷേമപ്രവർത്തനങ്ങളിലും മഹനീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭവന നിർമാണത്തിനായി 60 സെന്റ് സ്ഥലം സൗജന്യമായി നൽകിയ സി.വൈ.എ റൗഫിനെയും നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പി.എം. നജീബിനെയും കോൺട്രാക്ടർ ജോൺസൺ ഫിലിപ്പിനെയും എൻജിനിയർ ബിനോയി ജോസിനെയും ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ആദരിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാരുണ്യ ഭവന പദ്ധതിയിൽ ലക്ഷ്യമിടുന്ന 10 വീടുകളുടെ നിർമാണോദ്ഘാടനവും സമ്മേളനത്തിൽ നടത്തി. കെ.ജെ. തോമസ് ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശ രേഖകൾ കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. റ്റീന ആന്റണി മുഖ്യപ്രഭാഷണവും പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ ആമുഖപ്രഭാഷണവും പ്രോജക്ട് കോ-ഓർഡിനേറ്റർ റെജി ജേക്കബ് പദ്ധതി വിശദീകരണവും നടത്തി.
റോട്ടറി ഡിസ്ട്രിക് മുൻ ഗവർണമാരായ കെ. ശ്രീനിവാസൻ, ആർ. രഘുനാഥ്, ഡോ. തോമസ് വാവാനിക്കുന്നേൽ, എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, പി.എം. സെബാസ്റ്റ്യൻ പുല്ലാട്ട്, പി.പി.എം. നൗഷാദ്, ജാൻസ് വയിലിക്കുന്നേൽ, ജോർജുകുട്ടി ആഗസ്തി, സാജൻ കുന്നത്ത് എന്നിവർ താക്കോലുകൾ സമ്മാനിച്ചു.
നിർമാണം പൂർത്തീകരിച്ച വീടുകൾ മന്ത്രി എംഎൽഎയ്ക്കൊപ്പം നേരിട്ട് സന്ദർശിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു, പഞ്ചായത്തംഗങ്ങളായ പി.എസ്. സജിമോൻ, ജെസി ജോസ്, കെ.എൻ. വിനോദ്, റോട്ടറി ക്ലബ് ഭാരവാഹികളായ ആന്റണി വൈപ്പന, ഡോ. മാത്യു തോമസ്, അരുൺ എസ്. ചന്ദ്രൻ, കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, കൂട്ടികകൽ ജമാഅത്ത് പ്രസിഡന്റ് ഷാൻ പി. ഖാദർ, കൂട്ടിക്കൽ എസ്എൻഡിപി ശാഖാ പ്രസിഡന്റ് ടി.വി. പ്രസാദ്, കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. മാത്യു വർഗീസ്, ഏന്തയാർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമ്മൂട്ടിൽ, താളുങ്കൽ കെപിഎംഎസ് പ്രതിനിധി കെ.പി. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.