വൈക്കം നഗരസഭ : തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കുന്ന പദ്ധതിക്ക് തുടക്കമായി
1585448
Thursday, August 21, 2025 7:11 AM IST
വൈക്കം: വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റതും പേവിഷബാധയെത്തുടർന്ന് ഏതാനും തെരുവുനായ്ക്കൾ ചത്തതും കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ 26 വാർഡിലെ തെരുവുനായ്ക്കളെയും പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള കാവ എന്ന പേരിലുള്ള സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തെരുവു നായ്ക്കളെ പിടികൂടി വാക്സിനെടുക്കാൻ എത്തിയത്.
നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ മൂന്നു ഇതരസംസ്ഥാനക്കാരാണ് നായ്ക്കളെ വലയിലാക്കുന്നത്. വാക്സിനെടുക്കുന്നതും ഇവർ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നതും മലയാളികളാണ്.
വൈക്കംനഗരസഭയിലെ ജെഎച്ച്ഐ ഗ്രേഡ് രണ്ട് ട്രെയിനി ഹരികൃഷ്ണൻ ഇവരെ വിവിധ വാർഡുകളിൽ കൊണ്ടുപോകും. ഇവർക്ക് താമസസൗകര്യം മാത്രം ഏർപ്പെടുത്തിയാൽ മതി. പേവിഷബാധയേറ്റ നായകൾ ചത്ത പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ താമസിക്കുന്നിടങ്ങളിലും അക്രമാസക്തരായി കടിപിടികൂടി ഭീതിപരത്തുന്ന തെരുവുനായ്ക്കളെയുമാണ് ആദ്യഘട്ടത്തിൽ പിടികൂടി വാക്സിനെടുക്കുന്നത്.
പിന്നാലെ മുഴുവൻ വാർഡുകളിലേയും തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കും. വാക്സിനെടുത്ത നായയെ പിന്നീട് തിരിച്ചറിയുന്നതിനായി ദേഹത്ത് മാർക്ക് ചെയ്യും. ഇന്നലെ രാവിലെ ആറിന് നഗരസഭ 17-ാം വാർഡിലാണ് തെരുവുനായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കംകുറിച്ചത്.
നഗരസഭാ മുൻ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ രാധികാശ്യാമും നാട്ടുകാരും നായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കൊപ്പം കൂടി ആവശ്യമായ സഹായങ്ങൾ നൽകി.
17-ാം വാർഡിൽനിന്ന് ഇന്നലെ 19നായ്ക്കളെ പിടികൂടി വാക്സിനെടുത്തു. കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ് ചത്ത നായ കടിച്ചതിനെത്തുടർന്ന് കൂട്ടിൽ നിരീക്ഷണത്തിലായിരുന്ന നായയാണ് ചത്തത്. ഇന്ന് നഗരസഭയിലെ 13, 20 വാർഡുകളിലും വാക്സിനേഷൻ പൂർത്തിയാക്കി സമയം ലഭിച്ചാൽ മറ്റൊരു വാർഡിൽക്കൂടിപോയി തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കാനാണ് സന്നദ്ധ സംഘടനാ പ്രവർത്തകരുടെ തീരുമാനം.