വെള്ളൂർ ട്രെയിൻ ദുരന്തം നടന്നിട്ട് 45 വർഷം
1585447
Thursday, August 21, 2025 7:11 AM IST
തലയോലപ്പറമ്പ്: ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളൂരിൽ നടന്ന വള്ളംകളി മത്സരം കാണാനെത്തിയ 13 പേർ ട്രെയിൻതട്ടി മരിച്ച സംഭവം നടന്ന് 45 വർഷമാകുമ്പോഴും നാടിനെ നടുക്കിയ ദുരന്തത്തിന്റെ ചോരപുരണ്ട ഓർമകളിൽ വെള്ളൂർ നിവാസികൾ ഇപ്പോഴും തേങ്ങുന്നു. 1980 ഓഗസ്റ്റ് 25ന് അവിട്ടം നാളില്‍ വൈകുന്നേരം 4.50നായിരുന്നു 13 പേരുടെ ജീവന് കവര്‍ന്നെടുത്ത ട്രെയിന്‍ അപകടം നടന്നത്.
വെള്ളൂരുകാർ ഭ്രാന്തന് തീവണ്ടി(വേണാട് എക്സ്പ്രസ്)യെന്ന് വിളിച്ചിരുന്ന ട്രെയിൻ അന്ന് നാട്ടുകാർക്ക് നൽകിയത് ഒരിക്കലും മറക്കാനാവാത്ത നൊമ്പരക്കാഴ്ചകളായിരുന്നു. വെള്ളൂര്‍ ബോട്ട് റെയ്സ് ക്ലബ്ബിന്റെ വള്ളംകളി മത്സരം കാണാനെത്തിയവരാണ് മരണത്തിന് കീഴടങ്ങിയത്. സാധാരണ ദിവസങ്ങളില്‍ 4.10ന് പോകേണ്ടിയിരുന്ന ട്രെയിന്‍ അന്നു വൈകിയാണെത്തിയത്.
അക്കാലത്ത് പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് സ്റ്റോപ്പ് ഇല്ലായിരുന്നു. അതിനാല്‍ ചീറിപ്പാഞ്ഞാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ വൈകുന്ന വിവരം സംഘാടകരും പോലീസും മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ വള്ളംകളിയുടെ ആവേശത്തില്‍ പലരും ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. 4.50ന് വള്ളംകളി സമാപിച്ചതിനു ശേഷം പാലത്തില്‍ക്കൂടി നടന്നുപോയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രെയിന്‍ വരുന്നതുകണ്ട് പലരും പുഴയിലേയ്ക്ക് ചാടി രക്ഷപ്പെട്ടു.എന്നാല്‍ 13 പേരെ ട്രെയിന്‍ ചിന്നഭിന്നമാക്കി.
ഇതില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരണപ്പെട്ടു. എറണാകുളം എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ നാരായണന്‍കുട്ടി, മക്കളായ കാഞ്ചന, സന്തോഷ്, ബിവീന,സുധ എന്നിവരാണ് ഒരുമിച്ച് മരണത്തിന് കീഴടങ്ങിയത്. ഇവര്‍ക്കൊപ്പമെത്തിയ സമീപവാസിയായ ഭവാനിയുംമരിച്ചു.
ദുരന്തം കഴിഞ്ഞ് പിറ്റേദിവസമാണ് ഇവരുടെ മരണം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. സമീപവാസിയായ ഭവാനിയുടെ കുടുംബവീട് വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്താണ്. മത്സരവള്ളംകളി കഴിഞ്ഞ് ഇവര്‍ ഒരുമിച്ചു ഇറുമ്പയത്ത് പോയെന്ന ധാരണയിലായിരുന്നു വീട്ടുകാര്‍. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മരണം സ്ഥിരീകരിക്കുന്നത്. ഇതിന്റെ ഓര്‍മകള്‍ ഇന്നും വീട്ടുകാരെ കണ്ണീരിലാഴ്ത്തുന്നു.
തൊടുപുഴ സ്വദേശികളായ രാമന്‍കുട്ടി, ഗോപാലകൃഷ്ണന്, മേവെള്ളൂര്‍ മൂത്തേടത്ത് എം.കെ. ദിനേശന്, എറണാകുളം വെണ്ടുരുത്തി സ്വദേശി വാസു, അരയന്‍കാവ് കുലയറ്റിക്കര വിജയന്, ചേര്‍ത്തല എഴുപുന്ന സ്വദേശി അശോകന്, ബ്രഹ്മമംഗലം ഹൈസ്കൂളില്‍ അക്കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്ന രാജേന്ദ്രന് എന്നിവരാണ് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച മറ്റുള്ളവര്‍.
ദുരന്തം ഉണ്ടാകുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പാലത്തില്‍ നടപ്പാത സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുയര്‍ത്തിയിരുന്നു.
എന്നാല്‍ ദുരന്തത്തിനുശേഷവും ഇതിനു നടപടിയില്ലാതെ വന്നതിനെത്തുടര്‍ന്ന് ഗ്രാമം ഒന്നടങ്കം ഒരുപകല്‍ മുഴുവന്‍ വെള്ളൂരില്‍ ട്രെയിനുകള്‍ തടഞ്ഞു. തുടര്‍ന്ന് കെ. കരുണാകരന് കേന്ദ്രമന്ത്രിയായപ്പോള്‍ നടപ്പാത യാഥാര്‍ഥ്യമായി. എന്നാല്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച നടപ്പാത പിന്നീട് തുറന്നിട്ടില്ല.
റെയില്‍പാലത്തില്‍ സമാന്തര നടപ്പാത ഉണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര സുരക്ഷിതമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പതിറ്റാണ്ടുകളായി വെള്ളൂരിനോട് റെയില്‍വേ കാണിക്കുന്ന അവഗണന ഇന്നും തുടരുകയാണ്. ഇതിനെതിരേ പഞ്ചായത്തും നാട്ടുകാരും രംഗത്തുവന്നിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ റെയില്‍വേ തയാറാകുന്നില്ല. ട്രെയിന്‍ ദുരന്തത്തിനു ശേഷം നിലച്ച നാടിന്റെ ഉത്സവമായ മത്സരവള്ളംകളിയും ബോട്ട് ക്ലബ്ബും പുനര്ജീവിപ്പിക്കാന് അണിയറയില്‍ ചില നീക്കങ്ങള്‍ നടന്നെങ്കിലും പ്രാവർത്തികമായില്ല.