കളക്ടർ ഉത്തരവിട്ടു; ഒടുവിൽ ആ മരം മുറിച്ചുനീക്കി
1585442
Thursday, August 21, 2025 7:11 AM IST
കറുകച്ചാൽ: അയൽവാസിയുടെ പുരയിടത്തിൽനിന്നു വീടിന്റെ മുകളിലേക്കു വീണ മരം കളക്ടറുടെ നിർദേശത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതർ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം പിഴുതുവീണ മരം സ്ഥലം ഉടമ മുറിച്ചുനീക്കാൻ വിസമ്മതിച്ചതോടെയാണ് മരം മുറിക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ചമ്പക്കര കുറുപ്പൻകവല മാക്കിഭാഗത്ത് തുണ്ടിയിൽ ടി.ടി. മുരുകന്റെ വീടിനു മുകളിൽ അയൽവാസിയുടെ പറമ്പിൽ നിന്ന ചാര് മരം മറിഞ്ഞുവീണത്. മുരുകന്റെ വീടിനു സാരമായ നാശനഷ്ടമുണ്ടായി. മുകൾനിലയിലെ മേൽക്കൂരയും ഭിത്തിയും തകർന്നു.
ഉത്തരവ് അവഗണിച്ചു
അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണമെന്ന കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മുറിച്ചുമാറ്റാതിരുന്ന മരമാണ് പിഴുതു വീണത്. വിവരം സ്ഥലം ഉടമയെ അറിയിച്ചെങ്കിലും മരം മുറിച്ചു മാറ്റില്ലെന്നും നഷ്ടപരിഹാരം തരില്ലെന്നും പറഞ്ഞതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു.
ഇതോടെ ജില്ലാ കളക്ടർ മരം മുറിച്ചു മാറ്റാൻ വീണ്ടും ഉത്തരവിട്ടു. 18,000 രൂപ ചെലവഴിച്ചാണ് കറുകച്ചാൽ പഞ്ചായത്ത് മരം മുറിച്ചുമാറ്റിയതെന്നു സെക്രട്ടറി അറിയിച്ചു. മുരുകന്റെ വീടിനു നാലുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
സ്ഥലത്തെച്ചൊല്ലി കേസ്
മരം നിൽക്കുന്ന സ്ഥലത്തെച്ചൊല്ലി സ്ഥലമുടമയും പഞ്ചായത്തുമായി കേസ് നിലവിലുണ്ട്. തോട് പുറമ്പോക്കാണെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാൽ, സ്ഥലം വിട്ടുകൊടുക്കാൻ ഉടമ തയാറല്ല. ഇതു സംബന്ധിച്ചു വർഷങ്ങളായി കേസ് നിലനിൽക്കുന്നുണ്ട്. നഷ്ടപരിഹാരം നൽകാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് സ്ഥലം ഉടമ. മുൻപ് കളക്ടറുടെ ഉത്തരവ് പ്രകാരം മരം മുറിച്ചുമാറ്റാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേയും സ്ഥലം ഉടമ കേസ് നൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.