പാമ്പാടി ഡയറ്റ് അഥവാ നാഥനില്ലാക്കളരി
1585346
Thursday, August 21, 2025 6:08 AM IST
പാന്പാടി: അധ്യാപകർക്ക് ഉൾപ്പെടെ പരിശീലനം നൽകുന്ന പാമ്പാടി എട്ടാംമൈലിലെ ഡയറ്റിന്റെ (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയ്നിംഗ്, പാമ്പാടി) ഫ്യൂസ് ഊരി. രണ്ടര മാസമായി ശമ്പളം മുടങ്ങിയ സ്ഥാപനം ഇതോടെ ഇരുട്ടിലായി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിനാണ് ഈ ദുര്യോഗം.
അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് 79 ദിവസമായെന്നു ജീവനക്കാർ പറയുന്നു. ഡയറ്റിൽ ജോലിചെയ്യുന്ന ജീവനക്കാർക്കു കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം ലഭിച്ചത് മേയ് 15ന് ശേഷം. മേയ് മാസത്തെ ശമ്പളം ജൂലൈ മാസത്തിലുമാണ് ലഭിച്ചത്.
പ്രിൻസിപ്പലില്ല
കഴിഞ്ഞ മേയ് 31ന് പ്രിൻസപ്പൽ വിരമിച്ച ശേഷം പുതിയ ആളെ നിയമിക്കുകയോ ചുമതല നൽകുകയോ ചെയ്തിട്ടില്ല. ഡയറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുടങ്ങിയിട്ടും മാസങ്ങളായി. അധ്യാപകർക്കുള്ള പരിശീലനങ്ങൾ, ചോദ്യപേപ്പർ നിർമാണ ശില്പശാലകൾ, പ്രായോഗിക പരീക്ഷ എന്നിവയാണ് ഇവിടെ നടക്കുന്നത്. ഇതിനിടയിൽ വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി സ്ഥാപനത്തിലെ ഫ്യൂസ് ഊരി.
കഴിഞ്ഞ തവണ വൈദ്യുതി ചാർജ് കുടിശികയായതിനെത്തുടർന്ന് നോട്ടീസ് ലഭിച്ചിരുന്നു. പിടിഎ ഫണ്ടിൽനിന്ന് 8,000 രൂപ അടച്ചാണ് അന്നു രക്ഷപ്പെട്ടത്. ഇത്തവണ 13,000 രൂപയായിരുന്നു കുടിശിക. തുക അടയ്ക്കാത്തതിനെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. എന്നാൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പ്രതിഷേധം ശക്തം
അധ്യാപക പരിശീലന കോഴ്സായ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ) അവസാനവർഷ വിദ്യാർഥികളുടെ പരീക്ഷ മൂല്യനിർണയം ഡയറ്റിൽ നടന്നുവരികയാണ്.
ഏകദേശം 30 അധ്യാപകരാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഇവിടെയെത്തിയിട്ടുള്ളത്. മൂല്യനിർണയം നടക്കുന്ന അവസരത്തിൽത്തന്നെ കംപ്യൂട്ടറുകളിൽ പരീക്ഷാ ഭവനിലേക്കു വിദ്യാർഥികളുടെ സ്കോർ നിലവാരവും അപ്ലോഡ് ചെയ്താണ് പോകുന്നത്. വൈദ്യുതി മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങി.
ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്നും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ സംഘ് വിവിധ സ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചു.