കടുത്തുരുത്തി-ഞീഴൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ പൂവക്കോട് പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന്
1585463
Thursday, August 21, 2025 7:27 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-ഞീഴൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പൂവക്കോട് പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം. ഞീഴൂര്വഴി കടുത്തുരുത്തിയിലേക്ക് വരുന്ന വലിയതോടിനു കുറുകെയാണ് അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം സ്ഥിതി ചെയ്യുന്നത്. 1964-ലാണ് പാലം നിര്‍മിച്ചത്. 16 മീറ്റര്‍ നീളവും 4.20 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഒരു വാഹനം പാലത്തില്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കുപോലും സൈഡിലൂടെ നടക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്.
പാലത്തിന്റെ തൂണുകള്‍ക്ക് കാലപ്പഴക്കത്തില്‍ വിള്ളലുണ്ടായിട്ടുണ്ട്. പാലത്തോട് ചേര്‍ന്നുള്ള കല്‍ക്കെട്ടിന്റെ കല്ലുകളും അടര്‍ന്നുപോയിട്ടുണ്ട്. പാലം നിര്‍മിച്ചതിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ ഇരുവശവും റോഡ് വീതികൂട്ടി ടാര്‍ ചെയ്തിട്ടും പാലം പഴയ അവസ്ഥയില്‍ത്തന്നെയാണ്. കുമരകം-കമ്പം സംസ്ഥാന ഹൈവേ റോഡാണിത്. കടുത്തുരുത്തിയില്‍നിന്ന് ഞീഴൂര്‍-ഇലഞ്ഞിവഴി കൂത്താട്ടുകുളത്തു ചെന്ന് മുട്ടുന്ന റോഡിലാണ് ഇടുങ്ങിയ പാലമുള്ളത്.
ഈ റോഡ് വഴിയാണ് സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍, ഞീഴൂര്‍ വിശ്വഭാരതി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ വിദ്യാര്‍ഥികളുമായി കടന്നുപോകുന്നത്. ഒരു വലിയ വാഹനം മറുകരയില്‍ എത്തിയാല്‍ അത് കടന്നുപോയതിനു ശേഷമേ മറ്റു വണ്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതുവഴി കടന്നുപോകുവാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം ഞീഴൂര്‍ ഭാഗത്തുനിന്നുമെത്തിയ കാര്‍ പാലത്തിനു നടുവിലെത്തിയ സമയത്ത് സ്വകാര്യബസ് എതിര്‍ദിശയില്‍നിന്ന് വരികയും വാഹനം പിന്നോട്ടെടുക്കുന്നതിനെ സംബന്ധിച്ചു രണ്ട് വാഹനങ്ങളിലുമുള്ളവര്‍ തമ്മില്‍ തര്‍ക്കവും ബഹളവും ഉണ്ടാവുകയും ചെയ്തു. ഈ റോഡ് വഴി എഴുമാന്തുരുത്ത്-ഞീഴൂര്‍ - കുറവിലങ്ങാട് ബസുകളും, കോട്ടയം - ഇലഞ്ഞി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. വിവിധയിടങ്ങളിലേക്കായി നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി സഞ്ചരിക്കുന്നത്.
പൊതുമരാമത്തുവകുപ്പ് ഇടപെടണം
പാലത്തിന്റെ തൂണുകള്‍ക്കും കൈവരികള്‍ക്കും ബലക്ഷയമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് അടിയന്തരമായി പാലത്തിന്റെ സുരക്ഷാ പരിശോധന നടത്തണം. പാലം തകര്‍ന്നുവീണ് വന്‍ അപകടം സംഭവിക്കുന്നതിനു മുമ്പ് വീതികൂട്ടി പുതുക്കിപ്പണിയുകയോ, സമാന്തര പാലം നിര്‍മിക്കുകയോ ചെയ്യണം.
സന്തോഷ് കുഴിവേലി, പ്രസിഡന്റ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി.
പുതിയ പാലത്തിനുള്ള റിപ്പോര്‍ട്ട് തയാറാക്കും
പൂവക്കോട് പാലം പൊളിച്ചുനീക്കി പുതിയ പാലം നിര്‍മിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം സ്ഥലം സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും.
എസ്.എ. കിരണ്‍ലാല്‍,
അസിസ്റ്റന്റ് എന്‍ജിനിയര്‍,
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം, കോട്ടയം.