ഫാത്തിമാപുരത്ത് തകര്‍ന്ന റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം
1585469
Thursday, August 21, 2025 7:27 AM IST
ചങ്ങനാശേരി: കവിയൂര്‍ റോഡില്‍ ഫാത്തിമാപുരത്ത് തകര്‍ന്ന റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി ഏഴു മുതല്‍ പത്തുവരെയുള്ള സമയത്ത് നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് റോഡിലെ കുഴികള്‍ അടച്ച് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഫാത്തിമാപുരം ജംഗ്ഷന് മുതല്‍ റെയില്‍വേ മേല്പ്പാലംവരെയുള്ള ഭാഗത്തെ കുഴികളാണ് അടച്ചത്.
സമീപ പുരയിടത്തിന്റെ ഉടമ നല്കിയ വെട്ടുകല്ല് ശേഖരിച്ച് കുഴികളിലിട്ട് അടിച്ചുപൊട്ടിച്ച് നിരത്തി മുകളില്‍ പാറപ്പൊടി നിരത്തിയാണ് താത്കാലിക കുഴിയടയ്ക്കല്‍ നടത്തിയത്. റോഡിലെ കുഴികളടച്ചത് ഇതിലെ സ്ഥിരമായി സഞ്ചരിക്കുന്ന വാഹനയാത്രിക്കാര്ക്ക് ഏറെ ആശ്വാസമായി. വികസന പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ നാലുകോടി കവല വരെയുള്ള ഭാഗങ്ങളിലെ മിക്ക സ്ഥലങ്ങളിലും റോഡ് തകര്‍ന്ന് സഞ്ചാരം ദുരിതമായ നിലയിലാണ്.
ഫാത്തിമാപുരം റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് ഭാഗം, ഫാത്തിമാപുരംപള്ളി ജംഗ്ഷന്, ഇരൂപ്പ, മുക്കാട്ടുപടി, നാലുകോടി, പായിപ്പാട് ജംഗ്ഷനുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ട് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് പരിക്കേ ൽക്കുന്നതും പതിവാണ്. ഇതിനോടകം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികകള് സംഘടിപ്പിച്ചിരുന്നു. സമരപരിപാടികള്‍ നടത്തി സഹികെട്ടപ്പോഴാണ് നാട്ടുകാര്‍ റോഡ് നന്നാക്കാനിറങ്ങിയത്.
കുഞ്ഞുമോന് പുളിമൂട്ടില്‍, പി.കെ. ഷാജഹാന്, സിബിച്ചന് കൂടത്തിങ്കല്‍, സാബു ചിറ്റാലുംമൂട്, അനീഷ് കരിങ്ങട, രഞ്ജിത് വര്‍ഗീസ്, സാബു വെള്ളപ്പൊയ്, പ്രശാന്ത്, ഷാജി കടന്തോട്, അഭിലാഷ്, ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികള്‍ അടച്ചത്.