നടുവിലേപ്പറമ്പൻ ചുണ്ടൻ താനെ നീരണിഞ്ഞ് പുന്നമടയിലേക്ക്
1585441
Thursday, August 21, 2025 7:11 AM IST
കുമരകം: താനെ നീരണിഞ്ഞ നടുവിലേപ്പറമ്പൻ ചുണ്ടൻ പുത്തൻ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങി പുന്നമടയിലെ ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മത്സരിക്കാൻ ഇക്കുറിയെത്തും. ചീപ്പുങ്കലിലുള്ള വള്ളപ്പുരയിലേക്ക് കയറിയ വെള്ളം നടുവിലേപ്പറമ്പൻ ചുണ്ടനെ ആറ്റിൽ എത്തിക്കുകയായിരുന്നു.
ജലനിരപ്പിന് മുകളിൽ പടങ്ങിൽ വിശ്രമിക്കുന്ന ചുണ്ടന്റെ കീഴിൽ വെള്ളം എത്തിച്ചതിനു ശേഷം ആറ്റിലെ ജലനിരപ്പിന് ഒപ്പമാകുമ്പോൾ പമ്പുചെയ്ത് വള്ളപ്പുരയിലെ ജലനിരപ്പ് വീണ്ടും ഉയർത്തി വള്ളം വെള്ളത്തിലാക്കും. പുറത്തെ ജലനിരപ്പ് താഴ്ന്നു നില്ക്കുന്നതിനാൽ ഷട്ടർ തുറക്കുന്നതോടെ വള്ളം താനെ ജലാശയത്തിൽ എത്തും. ഇതുവരെ തുഴച്ചിൽക്കാർ ഇരുവശവുംനിന്ന് വള്ളം വലിച്ചിറക്കുകയായിരുന്നു പതിവ്.
ഇത് വള്ളത്തിന്റെ ബലക്ഷയത്തിന് കാരണമാകുക പതിവായിരുന്നു. പുതിയ രീതി അവലംബിച്ചതോടെ ചുണ്ടൻ കയറ്റുന്നതിനും ഇറക്കുന്നതിനും മനുഷ്യശക്തി തീരെ വേണ്ട, വള്ളത്തിന് സുരക്ഷിതത്വവും ലഭിക്കും. കുട്ടനാട്ടിൽ നിരണം ചുണ്ടനു മാത്രമാണ് ഇത്തരത്തിൽ നീരണിയാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
2009-ൽ കോഴിമുക്ക് നാരായണൻ ആശാരിയുടെ മക്കളായ ഉമാമഹേശ്വരൻ ആശാരിയും സാബു ആശാരിയും ചേർന്നു നിർമിച്ച ഇല്ലിക്കളം ചുണ്ടനാണ് ഇപ്പോൾ നടുവിലേപ്പറമ്പൻ എന്ന പേരിൽ പുത്തൻ രൂപഭംഗിയോടെ കുമരകത്തിന്റെ സ്വന്തം ചുണ്ടനായത്. നടുവിലേപ്പറമ്പിൽ ജിഫി ഫെലിക്സാണ് ഇപ്പോൾ ചുണ്ടന്റെ ഉടമ. 2009 മുതൽ 2015 വരെ നെഹ്റു ട്രോഫിയിൽ മത്സരിച്ചപ്പോൾ രണ്ട് തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2022ൽ കരുനാഗപ്പള്ളി ജലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആ വർഷംതന്നെ നീരേറ്റുപുറം ജലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി. 2023ൽ കരുനാഗപ്പള്ളിയിലും നീരേറ്റുപുറത്തും നടുവിലേപ്പറമ്പനായിരുന്ന ു രണ്ടാം സ്ഥാനക്കാർ.
ചുണ്ടൻവള്ളത്തിന്റെ അമരത്തിന്റെ ഉയരക്കൂടുതൽ തുഴച്ചിലിന് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിൽ വള്ളം പുതുക്കിപണിതു. 85 തുഴച്ചിൽക്കാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പടെ 97 പേരാണ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ അണിനിരക്കുക. ഇക്കുറി കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബാണ് ചുണ്ടനിൽ തുഴയെറിയുക.
ജിബു നടുവിലേപ്പറമ്പിൽ ആണ് ക്യാപ്റ്റൻ. കൈനകരി റോച്ചാ മാത്യു ടീം ക്യാപ്റ്റനും ഉടമ ജിഫി ഫെലിക്സ് തന്നെയാണ് ഒന്നാം അമരം. ഒന്നാം തുഴ അനുമോൻ കുമരകവും. 15 ദിവസത്തെ പരിശീലനമാണ് നടത്തുക. ഫൈബർ ചുണ്ടനിലാണ് ടീം ഇതുവരെ പരിശീലന തുഴച്ചിൽ നടത്തിയത്. ഇന്നലെ വൈകുന്നേരം നടത്തിയ നീരണിയൽ ചടങ്ങിന് മുന്നോടിയായി വള്ളപ്പുരയും വള്ളവും വള്ളാറപ്പള്ളി വികാരി ഫാ. ഫിലിപ്പ് കരിശേരിക്കൽ വെഞ്ചരിച്ചു.