പുലി ഇറങ്ങിയെന്നു സംശയം; ജനത്തിനു ജാഗ്രതാനിർദേശം
1585334
Thursday, August 21, 2025 6:07 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ വല്യേന്തക്കാവ് അമ്പലം ഭാഗത്ത് വന്യമൃഗത്തിന്റെ കാൽപ്പാട്. പുലിയുടേതാണെന്ന് സംശയം. വല്യേന്തകാവ് അമ്പലത്തിന്റെ മുകൾഭാഗത്തുള്ള പാലത്തിന്റെ സമീപമാണ് പുലിയുടെ സമാനമായ കാൽപ്പാട് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നു വാനം വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ദിവസംതന്നെ ഇവിടെ കാമറ സ്ഥാപിക്കാനും തീരുമാനിച്ചു.
ഏതാനും മാസങ്ങൾക്കു മുമ്പ് കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കര ഭാഗത്തു പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വാഗമൺ മലനിരകളുടെ താഴ്ഭാഗത്തുള്ള ഈ പ്രദേശത്ത് മുന്പും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
പട്ടാളംകുന്നിൽ കാട്ടാന
കോരുത്തോട് പഞ്ചായത്തിലെ പട്ടാളംകുന്ന് ഭാഗത്തും വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു.
റബർ, വാഴ, കപ്പ അടക്കമുള്ള കൃഷികളാണ് കാട്ടാനക്കൂട്ടം തകർത്തത്. കോരുത്തോട് പഞ്ചായത്തിന്റെ പട്ടാളംകുന്ന്, കൊമ്പുകുത്തി, ചണ്ണപ്ലാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നു മാസമായി കാട്ടാനശല്യം അതിരൂക്ഷമാണ്. വനാതിർത്തി മേഖലയിൽ സുരക്ഷാസംവിധാനം ഒരുക്കുമെന്ന് അധികാരികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വന്യമൃഗശല്യത്തിനുമാത്രം യാതൊരു പരിഹാരവുമില്ല.