തോമസുകുട്ടി രാജുവാണ് ഇപ്പോള്‍ നാട്ടിലെ താരം
1585350
Thursday, August 21, 2025 6:08 AM IST
കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസുകാരിയെയും രക്ഷിക്കാൻ ചാടിയ പിതാവിനെയും മരണക്കയത്തിൽനിന്നു രക്ഷിച്ച തോമസുകുട്ടി രാജുവാണ് ഇപ്പോള്‍ നാട്ടിലെ താരം. കുറുപ്പന്തറ ഇരവിമംഗലം നീലംപടം വീട്ടില്‍ എന്‍.എസ്. രാജുവിന്റെയും എത്സമ്മ രാജുവിന്റെയും ഇളയ മകനാണ് 34കാരനായ തോമസുകുട്ടി രാജു.
മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിൽ കുര്യന്, മകള്‍ ലെനറ്റ് എന്നിവരാണ് തോമസുകുട്ടിയുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും തനിക്കു മാറിയിട്ടില്ലെന്നു തോമസ്കുട്ടി പറയുന്നു. സിറിലിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്കു താമസിക്കാനായി വീട് നോക്കാനാണ് സിറിലും കുടുംബവും എത്തിയത്. ഇതിനിടെ, രണ്ടര വയസുകാരി ചുറ്റു മതിലിന് ഉയരം കുറവായ കിണറ്റിൽ വീഴുകയായിരുന്നു. ഉടനെ രക്ഷിക്കാൻ സിറിൽ കിണറ്റിലേക്കു ചാടി. ഇവരെ കിണറ്റിലിറങ്ങി താങ്ങിയതും രക്ഷപ്പെടുത്തിയും തോമസുകുട്ടിയായിരുന്നു. സിറിലിനെയും ലെനറ്റിനെയും ഇന്നലെ തോമസ്കുട്ടി നേരില്‍ കണ്ടിരുന്നു.
ഉദ്വേഗ നിമിഷങ്ങൾ
മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിൾ കുര്യന്, മകള്‍ ലെനറ്റ്, സിറിലിന്റെ ഭാര്യ ആന്മരിയയുടെ മാതാപിതാക്കളായ പാലക്കാട് മംഗലംഡാം സ്വദേശി സിറിയക്, ഭാര്യ ആനിയമ്മ എന്നിവരാണ് വീട് നോക്കാനായി ഇടനിലക്കാരനൊപ്പം വന്നത്. ഇവർ വീടു നോക്കി കാണുന്നതിനിടെ കുട്ടി പുറത്തേക്ക് ഇറങ്ങി. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് എല്ലാവരും കിണറിനരികിൽ എത്തി.
കുട്ടി വീണതാണെന്നു മനസിലായതോടെ സിറിൽ നാൽപത് അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്കു ചാടുകയായിരുന്നു. കിണറ്റിൽ പാതിയോളം വെള്ളമുണ്ടായിരുന്നു. കുട്ടിയെ സിറിൽ വാരിയെടുത്തെങ്കിലും കുട്ടിയുമായി കയറിവരാനായില്ല. ഇതിനിടെ, തോമസുകുട്ടി അരിഞ്ഞാണം വഴി താഴേക്ക് ഇറങ്ങി.
വെള്ളത്തിൽ കുട്ടിയുമായി പിടിച്ചുനിൽക്കാനാവാതെ മുങ്ങാനൊരുങ്ങുന്ന സിറിലിന്റെ കൈയിൽനിന്ന് തോമസുകുട്ടി കുട്ടിയെ വാങ്ങി. സിറിലിനെ കിണറ്റിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പിലും കയറിലുമായി പിടിപ്പിച്ചു നിർത്തി. ഇതിനിടെ, സമീപത്തു കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയായ കൂത്താട്ടുകുളം വെള്ളാപ്പള്ളിക്കുന്നേല്‍ വി.എം. മാത്യുവും കിണറ്റിലിറങ്ങി. തുടർന്നു മാത്യുവിന്റെ കൈയിലേക്കു കുട്ടിയെ കൈമാറി.
തുടർന്ന് രണ്ട് അരഞ്ഞാണം മുകളിലേക്കു കയറിയ ശേഷം കുട്ടിയെ വീണ്ടും തോമസ്കുട്ടി വാങ്ങി. എന്നാൽ, മാത്യുവിനെ പിന്നീട് മുകളിലേക്കു കയറാനായില്ല. ഇതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. കുട്ടവല താഴേക്ക് ഇറക്കിയാണ് കുഞ്ഞിനെയും മറ്റുള്ളവരെയും രക്ഷിച്ചത്. വീട്ടിലെയും കൂട്ടുകാരുടെയുമൊക്കെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയിട്ടുള്ള പരിചയമാണ് തുണയായെന്നു തോമസുകുട്ടി പറയുന്നു.
രക്ഷകനായി മുന്‍പും
ഏഴു വര്‍ഷം മുമ്പ് പാളത്തിനു സമീപത്തുകൂടെ നടന്നു പോവുകയായിരുന്ന ഇരവിമംഗലം സ്വദേശിനി ഓമനയെ മെമു ട്രെയിന്‍ തട്ടി പരിക്കേറ്റപ്പോഴും തോമസുകുട്ടി രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ ഒടിഞ്ഞ കൈകള്‍ കെട്ടിവച്ച് ഒട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചതിനാല്‍ നഷ്ടപ്പെട്ടു പോകുമായിരുന്ന ഇവരുടെ കൈകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചു. ഒന്നര വര്‍ഷം മുമ്പു ട്രെയിനില്‍നിന്നു വീണു കാല് നഷ്ടപ്പെട്ട ആസാം സ്വദേശിയെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഫിലിം മേക്കിംഗ് പഠിച്ച ശേഷം നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സുഹൃത്ത് വഴി സിനിമാരംഗത്തേക്കു കടന്നു. ഉടന്‍ പുറത്തിറങ്ങുന്ന സലാം ബുഹാരി സംവിധാനം ചെയ്യുന്ന ഉടുമ്പന്‍ചോല മിഷന് എന്ന സിനിമയുടെ സഹസംവിധായകനാണ് തോമസുകുട്ടി. സിപിഎം മാഞ്ഞൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. മന്ത്രി വി.എന്‍. വാസവന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തോമസുകുട്ടിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 24ന് ഇരവിമംഗലത്തും 25ന് കുറുപ്പന്തറയിലും പൗരാവലിയുടെ നേതൃത്വത്തില്‍ തോമസുകുട്ടിയെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജു ഇത്തിത്തറ