ജെയ്നമ്മയുടെ കൊലപാതകം: ഡിഎന്‍എ ഫലംവരാതെ തുടരന്വേഷണമില്ല
1585349
Thursday, August 21, 2025 6:08 AM IST
കോട്ടയം: ചേര്‍ത്തല ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം വൈകുന്നതിനാല്‍ അതിരമ്പുഴ ജെയ്നമ്മ കൊലക്കേസ് അന്വേഷണം ഇഴയുന്നു. കരിഞ്ഞ അസ്ഥിയില്‍ ഡിഎന്‍എ നടത്തുന്നതിലെ പരിമിതിയാണ് ഫലം വൈകാന്‍ കാരണം.
സെബാസ്റ്റ്യനുമായി അടുപ്പമുണ്ടാക്കിയിരുന്ന ജെയ്നമ്മ, ബിന്ദു പത്മനാഭന്, ഐഷ എന്നീ മൂന്നുപേരെക്കുറിച്ചു വിവരമില്ലാത്ത സാഹചര്യത്തില്‍ അവശിഷ്ടം ആരുടേതാണെന്ന് വ്യക്തമാകാതെ അന്വേഷണം മുന്നോട്ടുപോകില്ല.
2006ല്‍ ചേര്‍ത്തലയില്‍നിന്നു കാണാതായ ബിന്ദു പത്മനാഭന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ബിന്ദുവിനെ കൊലപ്പെടുത്തിയശേഷമാണ് സെബാസ്റ്റ്യന്‍ വ്യാജരേഖകളുണ്ടാക്കി മൂന്നു കോടി രൂപയുടെ ആസ്തി കൈവശപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. സമാന രീതിയിലാണ് പ്രദേശവാസിയായ ഐഷയെയും കാണാതായത്. ജെയ്നമ്മ കൊല്ലപ്പെട്ടുവെന്നും അവരുടെ 11 പവന് ആഭരണങ്ങളും മൊബൈല്‍ ഫോണും സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയെന്നും പോലീസ് കരുതുന്നു. എന്നാല്‍ ജെയ്നമ്മയെ എങ്ങനെ കൊലപ്പെടുത്തിയെന്നും എവിടെ മറവു ചെയ്തെന്നും പറയാന്‍ സെബാസ്റ്റ്യന്‍ തയാറാകുന്നില്ല.
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ജെയ്നമ്മയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഇവര്‍ കഴിഞ്ഞ ഡിസംബര്‍ 23ന് അവസാനമായി സെബാസ്റ്റ്യനൊപ്പമായിരുന്നതായി വ്യക്തമായിരുന്നു.
ഇതു രണ്ടും കേസില്‍ നിര്‍ണായകമാകും. ജെയ്നമ്മയുടെ സ്വര്‍ണം പണയം വച്ചതും വാച്ചിന്റെയും പഴ്സിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയതും കേസില്‍ പ്രധാന തെളിവാണ്. ജെയ്നമ്മയെ കുളിമുറിയില്‍ തലയ്ക്ക് അടിച്ചുവീഴ്ത്തി മൃതദേഹം കഷ്ണങ്ങളാക്കി ചുട്ടെരിച്ചതായാണ് സൂചന.
ബിന്ദു പത്മനാഭവന്‍ ജീവിച്ചിരിപ്പുണ്ടോ, കൊല്ലപ്പെട്ടെങ്കില്‍ സെബാസ്റ്റ്യന്റെ പങ്ക് എങ്ങനെ, മൃതദേഹം എങ്ങനെ മറവുചെയ്തു തുടങ്ങിയവ കണ്ടെത്തണം. കുടുംബവുമായി അകല്‍ച്ചയിലായിരുന്ന ബിന്ദു പത്മനാഭനൊപ്പം കുറെക്കാലം ഒരുമിച്ചു താമസിച്ചുവെന്നും പിന്നീട് സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നുമാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് കരുതുന്നത്. ബിന്ദുവിനെ കാണാതായി 19 വര്‍ഷം പിന്നിട്ടിരിക്കെ തെളിവുകള്‍ കണ്ടെത്തുക ദുഷ്കരമാണ്. മാത്രവുമല്ല ബിന്ദു മരിച്ചുവെന്ന് ഉറപ്പാക്കുകയും വേണം.
ജെയ്നമ്മ കേസില്‍ ജൂലൈ 28ന് അറസ്റ്റുചെയ്ത് 29 മുതല്‍ റിമാന്‍ഡിലായ സെബാസ്റ്റ്യനെ 15 ദിവസം കസ്റ്റഡിയില്‍ തെളിവെടുപ്പിനു കിട്ടിയ സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ നിയമതടസമുണ്ട്. അതിനാല്‍ ഡിഎന്‍എ ഫലം എത്തിയശേഷം മറ്റു മാര്‍ഗങ്ങളിലൂടെ കസ്റ്റഡിസാധ്യത തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്നു കൊലപ്പെടുത്തിയെന്ന കടക്കരപ്പള്ളി സ്വദേശിനി ശശികല അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ല. ബിന്ദുവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊന്നപ്പന് എന്ന വസ്തു ബ്രോക്കര്‍ ശശികലയുമായി നടത്തിയ ഫോണ്‍ റിക്കാര്‍ഡിംഗ് നിര്‍ണായകമാണ്. പൊന്നപ്പനെയും ഫ്രാങ്ക്ളിനെയും കണ്ടെത്തി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല.
2017 സെപ്റ്റംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന് പ്രവീണ്‍കുമാര്‍ സഹോദരിയുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ പങ്കുള്ളതായി ആരോപിച്ച് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പോലീസ് മേധാവി വഴി 2017 ഒക്ടോബര്‍ ഒന്‍പതിന് കുത്തിയതോട് സര്‍ക്കിള്‍ ഓഫീസില്‍ എത്തിയെങ്കിലും 70 ദിവസത്തിനുശേഷം ഡിസംബര്‍ 19നാണ് എഫ്ഐആര്‍ ഇട്ടത്.
ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സെബാസ്റ്റ്യനില്‍നിന്ന് വന്‍തുക കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു. ചേര്‍ത്തല സ്വദേശിനി ഐഷ എന്ന ഹയറുമ്മയെ കാണാതായ കേസില്‍ ചേര്‍ത്തല പോലീസ് പുനരന്വേഷണം നടത്തുന്നുണ്ട്.