മെഡി. കോളജ് ആശുപത്രി പരിസരത്തെ അനധികൃത കടകൾ പൊളിച്ചുനീക്കി
1585440
Thursday, August 21, 2025 7:11 AM IST
കോടതി വ്യവഹാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സമാധാനപരമായി പൊളിക്കൽ
ഗാന്ധിനഗർ: നീണ്ടനാളത്തെ തർക്കങ്ങൾക്കൊടുവിൽ മെഡിക്കൽ കോളജ് ടാക്സി സ്റ്റാൻഡിനു സമീപത്തെ അനധികൃത കടകൾ ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ പോലീസ് സാന്നിധ്യത്തോടെ പൊളിച്ചുമാറ്റി. ഇന്നലെ രാവിലെ 10.30നാണ് അനധികൃത കടകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. ഇവിടെ വൺ വേ റോഡാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ഇവിടെ വഴിയുണ്ടെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. അനധികൃത നിർമാണം പൊളിച്ചു റോഡ് ഏർപ്പെടുത്തുന്നതോടെ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തെ വാഹനത്തിരക്ക് കുറയ്ക്കാൻ സാധിക്കും. ദീർഘനാളത്തെ കോടതി വ്യവഹാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സമാധാനപരമായ അന്തരീക്ഷത്തിലാണു പൊളിച്ചുനീക്കൽ പ്രവർത്തനങ്ങൾ നടന്നത്.
നിലവിലുള്ള പ്രധാന പാതയ്ക്കു പിന്നിലായി പഴയ റോഡ് കൈയേറി 14 പേർ കടമുറികൾ നിർമിച്ച് വർഷങ്ങളായി കച്ചവടം നടത്തി വരികയായിരുന്നു. ആർപ്പൂക്കര പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന റോഡാണ് ഇവർ കൈയേറിയത്. 24 വർഷം മുമ്പ് കോടതിയിൽനിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ആർപ്പൂക്കര പഞ്ചായത്ത് അനുകൂലമായ കോടതിവിധി സമ്പാദിച്ചിരുന്നു.
എന്നാൽ കൈയേറ്റം ഒഴിപ്പിക്കാൻ വന്നവരെ കച്ചവടക്കാർ സംഘടിതമായി തടയുകയായിരുന്നു. പിന്നീട് നേരത്തെ ലൈസൻസ് നൽകിയിരുന്ന 13 പേരെ പുനരധിവസിപ്പിക്കാൻ പഞ്ചായത്ത് സമീപത്തുതന്നെ കടമുറികൾ പണിതു നൽകി.
കടമുറികൾ പണിയാൻ സാമ്പത്തികസഹായം നൽകിയ 10 കച്ചവടക്കാർക്ക് കടമുറികൾ നൽകി അങ്ങോട്ടു മാറ്റുകയും ചെയ്തു. എന്നാൽ ഇവർ പഴയ കടകൾ പൊളിച്ചുമാറ്റാതെ മറ്റു ചിലർക്കു വാടകയ്ക്ക് കൊടുത്തു.
ഏതാനും മാസം മുമ്പ് പഴയ കടകൾ പൊളിച്ചുമാറ്റാൻ ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ എത്തിയപ്പോഴും കച്ചവടക്കാർ എതിർത്തു. കോട്ടയം നഗരസഭയുടെ പരിധിയിലാണ് കടകൾ ഇരിക്കുന്നതെന്ന് പറഞ്ഞാണ് എതിർത്തത്.
ഇതോടെ പഞ്ചായത്തും നഗരസഭയും പ്രശ്നത്തിൽ ഇടപെടുകയും തർക്കം കളക്ടർക്കു മുമ്പിലെത്തുകയുമായിരുന്നു. തുടർന്ന് കളക്ടർ, ഗാന്ധിനഗർ എസ്എച്ച്ഒ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട കച്ചവടക്കാരുമായി ചർച്ച നടത്തി. പഴയ കടകൾ കച്ചവടക്കാർതന്നെ പൊളിച്ചുമാറ്റിക്കൊള്ളാമെന്നായിരുന്നു തീരുമാനം. എന്നാൽ ഇതു പാലിക്കാതെ വന്നതോടെ പഞ്ചായത്ത് നേരിട്ടെത്തി കടകൾ പൊളിച്ചുമാറ്റുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച് ഒ.ടി. ശ്രീജിത്തിന്റെ സാന്നിധ്യത്തിലാണ് കടകൾ പൊളിക്കാൻ തുടങ്ങിയത്. ആർപ്പൂക്കര പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട സർക്കാർ വക ഭൂമിയിലാണ് കടകൾ പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് അനു ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എസ്സി തോമസ്, പഞ്ചായത്തംഗം റോയ് മാത്യു, ജസ്റ്റിൻ ജോസഫ് എന്നിവരും കടകൾ പൊളിക്കുന്നതിനു നേതൃത്വം നൽകി.