ജില്ലാ ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
1585550
Thursday, August 21, 2025 11:35 PM IST
കോട്ടയം: ക്ഷീരവികസനവകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തമ്പലക്കാട് നോര്‍ത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമവും കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഓണമധുരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും ഇന്നും നാളെയുമായി തമ്പലക്കാട് സെന്റ് തോമസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്ക്കുമുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ആപ്കോസ് ക്ഷീരസംഘം: മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം, മികച്ച ക്ഷീരവ്യവസായ സഹകരണസംഘം: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം, ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്ഷകന്: ഉഴവൂര്‍ ബ്ലോക്കിലെ മോനിപ്പള്ളി ക്ഷീരസംഘത്തില്‍ 4,19,941 ലിറ്റര്‍ പാല് അളന്ന ബിജുമോന് തോമസ്, ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്‍ഷക: ഉഴവൂര്‍ ബ്ലോക്കിലെ മോനിപ്പള്ളി ക്ഷീരസംഘത്തില്‍ 1,45,259 ലിറ്റര്‍ പാല് അളന്ന രശ്മി മാത്യു, ഏറ്റവും കൂടുതല്‍ പാല് അളന്ന പട്ടികജാതി/പട്ടികവര്‍ഗ കര്ഷകന്: വൈക്കം ബ്ലോക്കിലെ വല്ലകം ക്ഷീരസംഘത്തില്‍ 12,190 ലിറ്റര്‍ പാല് അളന്ന ബാബു പത്തിലത്തറ. മികച്ച യുവകര്ഷകന്: കടുത്തുരുത്തി ബ്ലോക്കിലെ സോണി എസ്. സോമന്, സോബി നിവാസ്, തലയോലപ്പറമ്പ്.
മികച്ച ക്ഷീരസംഘം സെക്രട്ടറി: മാടപ്പള്ളി ബ്ലോക്കിലെ നാലുകോടി ക്ഷീരസംഘത്തിലെ സിബി ജോസഫ് ചാമക്കാല, മികച്ച ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്: വാഴൂര്‍ ബ്ലോക്കിലെ കൊടുങ്ങൂര്‍ ക്ഷീരസംഘത്തിലെ പി.കെ. വിനീത, കാട്ടുകിഴക്കേതില്, വാഴൂര്‍. മികച്ച പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ്: ഉഴവൂര്‍ ബ്ലോക്കിലെ കുര്യനാട് ക്ഷീരസംഘത്തിലെ സുമേഷ് തങ്കപ്പന്, കോലത്താംകുന്നേല്, കുര്യനാട്. 23ന് രാവിലെ 11.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കടുക്കും.