പാലാ നഗരത്തിന്റെ മുഖം മിനുക്കാൻ നടപടി
1585535
Thursday, August 21, 2025 10:40 PM IST
പാലാ: പാലാ നഗരത്തിന്റെ ഭംഗി വർധിപ്പിക്കാൻ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മുനിസിപ്പൽ ടൗണിലെ മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ നട്ട് മനോഹരമാക്കും. ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൗണില്‍ വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും തടസം വരാത്ത രീതിയില്‍ സൗന്ദര്യവത്കരണം നടത്തുന്നതെന്നു പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ നഗരസഭ നേരിട്ട് പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നെങ്കിലും ശുചീകരണ തൊഴിലാളിയുടെ കുറവുമൂലം അതു കൃത്യമായി പരിപാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ചെടികള്‍ നട്ടുപിടിപ്പിക്കുന്നതോടെപ്പം പരിപാലനം ഉറപ്പുവരുത്താൻ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണ പദ്ധതിയെന്ന് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് പറഞ്ഞു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ തകരാറിലായ വെയിറ്റിംഗ് ഷെഡും ഇതോടൊപ്പം നവീകരിക്കും.
മാലിന്യക്കൂനകൾ നീക്കും
ടൗണ്‍ പ്രദേശത്തു വെറുതെ കിടക്കുന്നതും ആളുകൾ മാലിന്യം വലിച്ചെറിയാറുമുളള സ്ഥലങ്ങളും പൊതു പങ്കാളിത്തത്തോടെ അടുത്ത ഘട്ടം സൗന്ദര്യവത്കരിക്കും. നിലവില്‍ പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് എടുത്തിരുന്നെതെങ്കില് ഇനി ഉപയോഗമില്ലാത്ത മറ്റ് എല്ലാ വിധത്തിലുമുള്ള സാധനങ്ങളും വിവിധ നിരക്കുകള്‍ നല്കി നഗരസഭ സമാഹരിക്കും.
പത്രസമ്മേളനത്തില്‍ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാം കുഴി, മുന്‍ ചെയര്മാന്മാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിന് ബിനോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.