വിടവാങ്ങിയത് മലയോര മേഖലയിലെ ജനകീയ മുഖം
1585547
Thursday, August 21, 2025 11:35 PM IST
മുണ്ടക്കയം ഈസ്റ്റ്: നാലര പതിറ്റാണ്ടുകാലം തോട്ടം മേഖലയിലെ നിറസാന്നിധ്യമായിരുന്ന പീരുമേട് എംഎൽഎ വാഴൂർ സോമന്റെ വിയോഗം മലയോര മേഖലയ്ക്ക് തീരാനഷ്ടം. തോട്ടം തൊഴിലാളികളെയും സാധാരണക്കാരെയും അടുത്തറിഞ്ഞ നേതാവായിരുന്നു വാഴൂർ സോമൻ.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ സാധാരണക്കാരുമായുള്ള അടുത്ത ബന്ധം കോൺഗ്രസിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും അദ്ദേഹത്തിന്റെ വോട്ടുനില ഉയർത്തുവാൻ കാരണമായി. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യത്തിനെതിരേ ശക്തമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
വന്യമൃഗ ശല്യത്തിനെതിരേ കഴിഞ്ഞ ദിവസം 35ാം മൈലിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മലയോര മേഖലയിൽ പ്രകൃതിദുരന്തങ്ങളടക്കം ഉണ്ടായപ്പോഴും ശാരീരിക അവശതകളെയെല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ അദ്ദേഹം എത്തിയിരുന്നു. മലയോര മേഖലയിലെ ദുർഘടപാതകൾ താണ്ടുവാനായി ജീപ്പിലായിരുന്നു വാഴൂർ സോമന്റെ സഞ്ചാരം.
പലപ്പോഴും സഹായികൾ ഒന്നുമില്ലാതെ സ്വന്തം ജീപ്പോടിച്ച് പൊതുപരിപാടികൾക്ക് എത്തുന്ന വാഴൂർ സോമൻ ജനപ്രതിനിധികൾക്കിടയിൽ വ്യത്യസ്തനായിരുന്നു. സിപിഐയിലെയും എഐടിയുസിയിലെയും തലമുതിർന്ന നേതാവായിരുന്നെങ്കിലും തോട്ടം തൊഴിലാളികളുമായുള്ള വർഷങ്ങളായുള്ള അടുപ്പം അദ്ദേഹത്തെ സാധാരണക്കാർക്കിടയിലെ ജനകീയ മുഖമാക്കി മാറ്റി.