വാഴൂർ സോമൻ ; വാഴൂരിനെ നെഞ്ചോടുചേർത്ത നേതാവ്
1585549
Thursday, August 21, 2025 11:35 PM IST
വാഴൂർ: പ്രവർത്തനമേഖല മാറിയിട്ടും സ്വന്തം ഗ്രാമത്തിന്റെ പേരായ വാഴൂരിനെ നെഞ്ചോട് ചേർത്തു പിടിച്ച് അനശ്വരമാക്കിയ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎ. വാഴൂർ പതിനേഴാം മൈൽ ഇലവിനാക്കുന്നേൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും ഏഴു മക്കളിൽ ആറാമനാണ് വാഴൂർ സോമൻ എന്ന പേരിൽ അറിയപ്പെടുന്ന കെ.സി. സോമൻ.
വാഴൂർ എസ്വിആർ എൻഎസ്എസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്വിആർ എൻഎസ്എസ് കോളജിൽ പ്രീഡിഗ്രി പഠനം. ഇക്കാലത്ത് വിദ്യാർഥി പ്രസ്ഥാനമായ
എഐഎസ്എഫിന്റെ സജീവ പ്രവർത്തകനും നേതാവുമായി. പിന്നീട് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 22ാമത്തെ വയസിലാണ് പാർട്ടി നിർദേശപ്രകാരം തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന് പീരുമേട്ടിലെത്തിയത്. തേയില തൊഴിൽ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു പ്രഥമ ദൗത്യം.
കിഴക്കൻ മേഖലയിൽ തേയില തൊഴിലാളികളുടെ ആദ്യ യൂണിയൻ ഉണ്ടാക്കിയത് ഇദ്ദേഹത്തിന്റെ കഠിന പ്രയത്ന ഫലമായിരുന്നു. ഇതേത്തുടർന്ന് മാനേജ്മെന്റുകളുടെ ക്രൂരപീഡനത്തിന് ഇരയായി. ശാരീരികമായി നിരവധി പരാധീനതകൾ അനുഭവിക്കേണ്ടി വന്നു. ഉത്തരേന്ത്യയിലും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. ഇതിനിടയിൽ മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി.
തമിഴിലും മലയാളത്തിലും അനായാസമായി പ്രസംഗിച്ചും നിസ്വാർഥമായി പ്രവർത്തിച്ചും തൊഴിലാളി ഹൃദയങ്ങളിൽ ഇടം പിടിച്ചു. ആറു മാസക്കാലം പാർട്ടി നിർദേശാനുസരണം റഷ്യയിൽ താമസിച്ച് പാർട്ടി കാര്യങ്ങൾ സംബന്ധിച്ച് പഠനം നടത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പീരുമേട്ടിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നതിനിടയിലാണ് അകാലത്തിലുള്ള വിയോഗം സംഭവിച്ചത്.
പരേതരായ ടി.കെ. കരുണൻ, വാസവൻ എന്നിവരെ കൂടാതെ സരസമ്മ, രാജമ്മ, കെ.പി. ദാസ്, കെ.പി. ശ്യാമള എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ സോമൻ (പീരുമേട് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്), അഡ്വ. സോബിസ് സോമൻ (കോഴിക്കോട്, മാവൂർ). വാഴൂരിലെ തറവാട്ടുവീട്ടിൽ സഹോദരൻ കെ.പി. ദാസ്, ഭാര്യ പ്രേമ, ഇളയ മകൻ മനു ദാസ് എന്നിവരാണ് ഇപ്പോൾ താമസിക്കുന്നത്.