പുസ്തകങ്ങൾ ശേഖരിക്കുന്ന ശാലയല്ല വായനശാല: മന്ത്രി സജി ചെറിയാന്
1585544
Thursday, August 21, 2025 11:35 PM IST
കാഞ്ഞിരപ്പള്ളി: പുസ്തകങ്ങളെല്ലാം ശേഖരിച്ചു വയ്ക്കുന്ന ശാലയല്ല വായനശാല, മറിച്ച് അറിവ് തലമുറയ്ക്കു കൈമാറുന്ന സാംസ്കാരിക കേന്ദ്രമാണെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പുതിയതായി നിർമിച്ച സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മഴു എറിഞ്ഞൊന്നും ഉണ്ടായതല്ല കേരളം. ഒരുപാടു പോരാട്ടങ്ങളുടെ ചരിത്രമാണ് കേരളത്തിന്റെ വളർച്ചയുടെ ചരിത്രം. ഇതെല്ലാം പുതുതലമുറയെ നന്നായി പരിശീലിപ്പിക്കാൻ കഴിയുന്ന കേന്ദ്രമായി വായനശാലകളെ മാറ്റണം. നല്ല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചാൽ നല്ല മനസും കരുത്തും ആത്മവിശ്വാസവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സർവ വിജ്ഞാനകോശം ഡയറക്ടർ മ്യൂസ് മേരി ജോർജ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് കുരിശുങ്കൽ ജംഗ്ഷനിലേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തി. പഞ്ചായത്ത് 2.57 കോടി മുടക്കി ഇരുനിലകളിലായാണു പുതിയ കെട്ടിടം നിർമിച്ചത്. ഒരു നിലയുടെ നിര്‍മാണം കൂടി നടത്തും. താഴത്തെ നിലയില്‍ ഷോപ്പിംഗ് കോംപ്ലക്സും മുകളിലത്തെ നിലയില്‍ ലൈബ്രറിയും പ്രവര്‍ത്തിക്കും.