പന്തലുയരുന്നു, വചനവിരുന്നിനായി
1585342
Thursday, August 21, 2025 6:08 AM IST
കുറവിലങ്ങാട്: പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷനായി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി. 28ന് 4.30ന് പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ സെപ്റ്റംബർ ഒന്നിനു സമാപിക്കും.
ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവർ വചനപ്രഘോഷണത്തിനു നേതൃത്വം നൽകും. 29, 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ പിഡിഎം ടീമിന്റെ നേതൃത്വത്തിൽ കൗൺസലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ അങ്കണത്തിലാണ് കൂറ്റൻ പന്തൽ ഒരുക്കുന്നത്. പന്തലിന്റെ കാൽനാട്ടുകർമത്തോടനുബന്ധിച്ചു നടന്ന പ്രാർഥനാശുശ്രൂഷകൾക്കു സീനിയർ അസിസ്റ്റന്റ് വികാരിയും കൺവൻഷൻ ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ കാർമികത്വം വഹിച്ചു. പന്തൽ കാൽനാട്ടുകർമവും ഫാ. ജോസഫ് മണിയഞ്ചിറ നിർവഹിച്ചു.
അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, യോഗപ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള 501 അംഗ കമ്മിറ്റിയാണ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്.