കയ്യാലപ്പറമ്പിൽ മാത്തുക്കുട്ടിയുടെ വേർപാടിൽ അനുശോചനയോഗം ചേർന്നു
1585226
Wednesday, August 20, 2025 6:00 PM IST
തോട്ടയ്ക്കാട്: വാകത്താനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കയ്യാലപ്പറമ്പിൽ മാത്തുക്കുട്ടിയുടെ നിര്യാണത്തിൽ നാഷണൽ പബ്ലിക് ലൈബ്രറി ഹാളിൽ അനുശോചനയോഗം ചേർന്നു.
വാകത്താനം പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് ബേബിച്ചൻ കയ്യാലപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടത്തിയ അനുശോചനസമ്മേളനത്തിൽ കെപിസിസി നിർവാഹകസമിതി അംഗം ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
തോട്ടക്കാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഗതി വേഗങ്ങൾക്ക് ഉണർവും ഊർജവും പകർന്നു നൽകിയ വ്യക്തിയായിരുന്നു മാത്തുക്കുട്ടി എന്ന് ജോഷി ഫിലിപ്പ് അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടി സംസ്ഥാന പ്രസിഡന്റായിരുന്ന കെഎസ്യുവിന്റെ പ്രതാപകാലത്ത് കോട്ടയം ജില്ലാ നിർവാഹക സമിതി അംഗമായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിലും ഐഎൻടിയുസിലും ജില്ലാ, താലൂക്ക് തലങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിനോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനം പലപ്രാവശ്യം നേരിട്ട് മനസിലാക്കുവാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാ പ്രതിസന്ധിയിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഒപ്പം നിന്നുവെന്നും ജോഷി ഫിലിപ്പ് കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളംകാവിൽ, പഞ്ചായത്ത് അംഗം ഗിരിജ പ്രകാശ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. പുന്നൂസ്, മാത്യു കുഞ്ഞുമാത്യു, പ്രിൻസ് പടിഞ്ഞാറേക്കര, ടി.എം. തോമസ് തകിടിയേൽ, എസ്എൻഡിപി യൂണിയൻ പ്രതിനിധി കെ.ആർ. റെജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പകലോമറ്റം കുടുംബയോഗം, തോട്ടയ്ക്കാട് റസിഡന്റ്സ് അസോസിയേഷൻ, രാജശ്രീ, നാഷണൽ, ലൈബ്രറി, അയൽക്കൂട്ടങ്ങളുടെ ഭാരവാഹികൾ തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കെ. വി. വർഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. മാത്തുക്കുട്ടിയുടെ മക്കളായ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പ്രിയ മാത്യു, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡന്റ് പ്രമോദ് മാത്യു, പ്രീത് എന്നിവരും അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.