മണര്‍കാട് എട്ടുനോമ്പ്; മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ക്രമീകരണം വിലയിരുത്തി
1585209
Wednesday, August 20, 2025 7:31 AM IST
കോട്ടയം: തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. സെപ്റ്റംബര്‍ ആറു മുതല്‍ എട്ടുവരെ കൂടുതല്‍ പോലീസിനെ നിയോഗിക്കും. ഷാഡോ പോലീസിനെയും നിയോഗിക്കും. പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും.
24 മണിക്കൂറും പോലീസ്, റവന്യു, എക്സൈസ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.എക്സൈസിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ പരിശോധനകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധനയും നടത്തും.
തടസരഹിതമായി വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ആംബുലന്‍സ് സേവനവും ലഭ്യമാക്കും.
മേഖലയിലെ മാലിന്യനീക്കത്തിനു ശുചിത്വ മിഷനുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്കി. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാന്‍ ജലഅഥോറിറ്റിയെ ചുമതലപ്പെടുത്തി.
ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും മല്ലപ്പള്ളിയില്‍നിന്നും പ്രത്യേകമായി 10 സര്‍വീസുകള്‍ വീതം നടത്തും. കൂടാതെ ആവശ്യമനുസരിച്ച് സ്പെഷല്‍ സര്‍വീസുകളും നടത്തും.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെയും സബ് കളക്ടറെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും നിര്‍ദേശം നല്കി. ഒരാഴ്ചയ്ക്കകം പണികള്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, സബ് കളക്ടര്‍ ആകാശ് ഗോയല്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്. അജയ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസ്, ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്, ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജനി,
കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, കത്തീഡ്രല്‍ സഹവികാരി ഫാ. ലിറ്റു ജേക്കബ്, ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാന്, ജോര്‍ജ് സക്കറിയ, പള്ളി സെക്രട്ടറി പി.എ. ചെറിയാന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.