നായ ശല്യത്തിൽ പൊറുതിമുട്ടി അതിരമ്പുഴ
1584858
Tuesday, August 19, 2025 6:34 AM IST
അതിരമ്പുഴ: എവിടെ നോക്കിയാലും നായ്ക്കൂട്ടങ്ങൾ. സ്വസ്ഥമായി വഴി നടക്കാനാകുന്നില്ല. വാഹനങ്ങൾക്കു മുന്നിൽ ചാടിയും ഇവ അപകടമുണ്ടാക്കുന്നു. അതിരമ്പുഴയിൽ തെരുവുനായ്ക്കൾ ഇല്ലാത്ത സ്ഥലങ്ങളില്ല.
മാർക്കറ്റ്, പള്ളി മൈതാനം, റെയിൽവേ സ്റ്റേഷൻ, ഐടിഐ, മാറാമ്പ്, ശ്രീകണ്ഠമംഗലം, കോട്ടമുറി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. പത്തിലേറെ നായ്ക്കളുടെ കൂട്ടം മാർക്കറ്റിൽ വെയ്റ്റിംഗ് ഷെഡും കടത്തിണ്ണകളും കൈയേറിയ നിലയിലാണ്. കഴിഞ്ഞദിവസം മാർക്കറ്റിനു സമീപമുള്ള ഒരു വീട്ടിലെ കാർപോർച്ചിൽ തമ്പടിച്ച ഈ നായകൾ വീട്ടുകാർക്കും ഭീഷണിയായി.
രാത്രിയിൽ ഇരുചക്ര വാഹനങ്ങൾക്കു മുന്നിലേക്കു നായ്ക്കൂട്ടം ചാടിവീഴുന്നത് അപകടത്തിനിടയാക്കുന്നു. ഭീതിയോടെയാണ് രാത്രിയിൽ യാത്ര ചെയ്യുന്നത്. സന്ധ്യക്കും പുലർച്ചെയും കാൽനട യാത്ര അസാധ്യമാണ്. നായഭീതിയിൽ പ്രഭാത നടത്തംതന്നെ നിർത്തിയവർ ഏറെയാണ്. പള്ളി മൈതാനത്തും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്ന നായകൾ നാലു സ്കൂളുകളിലെ മൂവായിരത്തോളം കുട്ടികൾക്കും ഭീഷണിയാണ്.
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതാണ് നായകൾ കൂട്ടമായി എത്താനുള്ള കാരണം. മാർക്കറ്റിൽ പഞ്ചായത്തു വക സ്ഥലത്ത് വൻതോതിലാണ് മാലിന്യം തള്ളുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. അതിരമ്പുഴ പള്ളിക്കു തെക്കുവശം മാത്തത്തോട്ടിൽ കലുങ്കിനടിയിലും പള്ളി മൈതാനത്ത് വെയിറ്റിംഗ് ഷെഡിനു സമീപവും റെയിൽവേസ്റ്റേഷനും ഐടിഐക്കും സമീപവും മാലിന്യം വൻതോതിൽ തള്ളുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ ചിലർ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് ഒരേസ്ഥലത്ത് നായ്ക്കൾ കൂട്ടമായി തമ്പടിക്കാൻ ഇടയാക്കുന്നത്. നായ സ്നേഹികൾ നായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നത് നിരോധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെയും പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരെയും ഒരുപോലെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.