വെല്ലുവിളികളെ അവസരങ്ങളാക്കണം: ജ്യോതിസ് മോഹൻ
1584677
Monday, August 18, 2025 11:48 PM IST
പാലാ: പഠനമികവിനും സമഗ്രവ്യക്തിത്വ വികാസത്തിനും അനുയോജ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയും ഓരോ പരിമിതിയിലും ഒളിഞ്ഞിരിക്കുന്ന അവസരങ്ങള്‍ തിരിച്ചറിഞ്ഞും സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാര്‍ഥികള്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ നേടുവാനായി അധ്വാനിച്ചു തുടങ്ങണമെന്ന് ഇന്‍കം ടാക്സ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ പറഞ്ഞു.
എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികളായ വിദ്യാര്‍ഥികളെ അനുമോദിക്കാനായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുടങ്ങാതെയുള്ള പത്രവായന സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുളള മത്സരപ്പരീക്ഷകള് വിജയിക്കുന്നതിന് അനിവാര്യമാണെന്ന് ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 703-ാം റാങ്ക് നേടിയ നസ്റിന് പി. ഫാസിം പറഞ്ഞു.
യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജൻസി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സിസ്റ്റര്‍ അമല ജോസ് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.