കളരിയാമ്മാക്കൽ പാലം: ഹിയറിംഗ് തുടങ്ങി പ്രതീക്ഷയോടെ നാട്ടുകാര്‍
1584952
Tuesday, August 19, 2025 10:44 PM IST
പാലാ: നഗരസഭാ പ്രദേശത്ത് മീനച്ചിലാറിനു കുറുകേ നിര്‍മിച്ചിരിക്കുന്ന കളരിയാമ്മാക്കല് കടവ് പാലത്തിനു സമീപനപാത നിര്‍മിക്കാനുള്ള നടപടികൾക്ക് ഒടുവിൽ ജീവൻവച്ചു.
പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കാനുള്ള പൊതുതെളിവെടുപ്പ് തുടങ്ങി. പഠനസംഘം ഇന്നലെ പാലത്തിനു സമീപമുള്ള ജോര്‍ജ് കളരിയാമ്മാക്കലിന്റെ വസതിയില്‍ സമ്മേളിച്ച് സമീപവാസികളുടെ പരാതികള്‍ കേട്ടു.
പാലം പത്തു വർഷം
2015ലാണ് പാലംപണി
പൂര്‍ത്തിയായത്. എന്നാൽ, പത്തു വർഷമായിട്ടും സമീപനപാത നിർമിക്കാൻ കഴിഞ്ഞിട്ടില്ല. സമീപനപാതയ്ക്കായി 2020ല്‍ 13.39 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടിക്കു മുന്നോടിയായുള്ള പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തയാറാക്കുന്നത്. ഉചിതവും അര്‍ഹതപ്പെട്ടതുമായ നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് പഠന റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ഇതിനായി കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കും
പൂവരണി വില്ലേജിലെ ഒന്‍പത് സര്‍വേ നമ്പറുകളിലായുള്ള 32.919 ആര് സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപനപാത നിര്‍മാണത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലിൽനിന്നു പാലത്തിനു സമീപം വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന കിഫ്ബി വഴിയാണ് നടപ്പാക്കുക. ഇതിനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് എത്രയും വേഗം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
ഇന്നലെ നടന്ന ഹിയറിംഗില്‍ പാലാ ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ജെ. ഷൈബി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക, മുന്‍ പ്രസിഡന്റ് സാജോ പൂവത്താനി എന്നിവരും പങ്കെടുത്തു.