ട്രിപ്പിൾ ഐടി ടു സയൻസ് സിറ്റി പദ്ധതി വരുന്നു
1584676
Monday, August 18, 2025 11:48 PM IST
കുറവിലങ്ങാട്: ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ നേട്ടമായ വലവൂരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെയും (ഐഐഐടി) കോഴായിലുള്ള കേരള സയൻസ് സിറ്റിയുടെയും സാധ്യതകൾ സംയുക്തമായി പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആലോചനയിൽ സജീവമാകുന്നു.
ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും യാഥാർഥ്യമാക്കുന്നതിനു നേതൃത്വം നൽകിയ ജോസ് കെ. മാണി എംപിയുടെ പരിശ്രമത്തിലാണ് പുതിയ നീക്കവും സജീവമാകുന്നത്. ഇതുസംബന്ധിച്ച നിർദേശം അധികൃതർക്ക് സമർപ്പിച്ചിട്ടുള്ളതായി ജോസ് കെ. മാണി എംപി അറിയിച്ചു. വിജ്ഞാന സമ്പാദനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിനും നിർവഹണത്തിനും വേദിയൊരുങ്ങുമെന്നതാണ് പുതിയ പദ്ധതിയുടെ നേട്ടം.
ഒരു മാസത്തിനുള്ളിൽ ഗവേഷകരടക്കമുള്ള പതിനായിരത്തോളം പേർ സയൻസ് സിറ്റി സന്ദർശിച്ചുവെന്നത് അനന്തസാധ്യതകളാണ് വിളിച്ചോതുന്നത്. ആദ്യഘട്ടമായ സയൻസ് സെന്ററിന് പിന്നാലെ ആംഫി തിയേറ്റർ, ഒബ്സർവേറ്ററി, പ്ലാനറ്റോറിയം, മോഷൻ സിമുലേറ്റർ എന്നിങ്ങനെയുള്ള വികസനം കൂടി യാഥാർഥ്യമാകുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും.
രാജ്യത്ത് അഞ്ചിടങ്ങളിൽ മാത്രമുള്ള സൈബർ സെക്യൂരിറ്റി കമാൻഡോ പരിശീലനമടക്കമുള്ള പാഠ്യപദ്ധതിയുൾപ്പെട്ട കോഴ്സുകളാണ് ട്രിപ്പിൾ ഐടി സമ്മാനിക്കുന്നത്. കോട്ടയം ട്രിപ്പിൾ ഐടിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ട്രിപ്പിൾ ഐടിക്കു സമീപം ഇൻഫോ പാർക്ക് അനുവദിക്കുന്നതിനായി അഞ്ചു കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുള്ളതും പ്രതീക്ഷയുടെ പുതുനാമ്പായി മാറിയിട്ടുണ്ട്.
വലവൂർ ട്രിപ്പിൾ ഐടിയും കോഴായിലെ സയൻസ് സിറ്റിയുമായി 15 കിലോമീറ്ററിന്റെ ദൂരം മാത്രമാണുള്ളത്. ശാസ്ത്രവിദ്യാർഥികളുടെ സാന്നിധ്യം സയൻസ് സിറ്റിയിൽ സജീവമാകുന്നതോടെ ഇവിടത്തെ ആക്ടിവിറ്റി ഹബ്ബും ഇന്നവേഷൻ സെന്ററും പുതിയ ശാസ്ത്രനേട്ടങ്ങളുടെ പിറവിക്കു സാക്ഷ്യം വഹിക്കും.