ഹൈമാസ്റ്റ് ലൈറ്റ് തകരാറിൽ: മെഡി. കോളജ് ബസ് സ്റ്റാൻഡ് ഇരുട്ടിൽ
1584856
Tuesday, August 19, 2025 6:34 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് നാളുകളായി ഇരുട്ടില്‍. സ്റ്റാന്‍ഡിന്റെ എതിര്‍വശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി ഇതു പ്രവര്‍ത്തിക്കുന്നില്ല. ഇതേത്തുടര്‍ന്ന് സ്റ്റാന്‍ഡ് രാത്രികാലങ്ങളില്‍ ഇരുട്ടിലാണ്.
വിവിധ ജില്ലകളില്‍നിന്ന് ദിവസവും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും ആശുപത്രിയിലെ ജീവനക്കാരും ബസ് കാത്തുനില്ക്കുന്ന സ്റ്റാന്‍ഡാണ് മാസങ്ങളായി ഇരുട്ടിലായിരിക്കുന്നത്.
കടകളിലെ വെട്ടത്തിലാണ് രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കാത്തതിനാലാണ് സ്റ്റാന്‍ഡ് ഇരുട്ടില്‍ തുടരുന്നത്. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ പരിധിയിലാണ് സ്റ്റാന്‍ഡ്. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിൽ പഞ്ചായത്ത് അധികാരികള്‍ അനാസ്ഥ തുടരുകയാണെന്ന ആരോപണമുണ്ട്. മെഡിക്കല്‍കോളജ് ആശുപത്രി അത്യാഹിതവിഭാഗം കവാടവും ഇരുട്ടിലാണ്. ഇവിടെയും വഴിവിളക്കില്ല. അടുത്ത കാലത്ത് ഇവിടെ മന്ത്രി വി.എന്‍. വാസവന് അനുവദിച്ച തുകകൊണ്ട് ഹൈമാസ്റ്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനോദ്ഘാടനം നീളുകയാണ്.