മികച്ച കൊക്കോ കർഷകൻ: ദേശീയ അവാർഡ് തിളക്കവുമായി കെ.ജെ. വർഗീസ്
1584965
Tuesday, August 19, 2025 11:34 PM IST
മണിമല: കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ മികച്ച കൊക്കോ കർഷകനുള്ള ദേശീയ അവാർഡ് മണിമല സ്വദേശി കൊച്ചുമുറിയിൽ കെ.ജെ. വർഗീസിന്.
ഇന്നും നാളെയും നടക്കുന്ന ആസാം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഉച്ചകോടിയിൽ ഉദ്ഘാടന യോഗത്തിൽ അവാർഡ് സമ്മാനിക്കും. തുടർന്ന് വർഗീസ് കൃഷിയെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കും.
മോനായി എന്നു വിളിക്കുന്ന വർഗീസ് 1980ലാണ് കൊക്കോ കൃഷി ആരംഭിക്കുന്നത്. ഉത്പാദനക്ഷമത കൂടിയ തൈകൾ വിതരണം ചെയ്തായിരുന്നു തുടക്കം. പിന്നീട് മൂലേപ്ലാവിൽ ബെൽമൗണ്ട് എന്ന ഫാക്ടറിയും കൊക്കോ നഴ്സറിയും തുടങ്ങി. മണിമലയിൽ 2015ൽ രൂപീകരിച്ച കൊക്കോ ഉത്പാദക സഹകരണ സംഘത്തിന്റെ സ്ഥാപകനാണ്.
മൂന്നു വർഷം മുന്പ് അമേരിക്കൻ കമ്പനിക്ക് ഒരു ടൺ കൊക്കോക്കുരു കയറ്റുമതി ചെയ്ത് സഹകരണ സംഘം ശ്രദ്ധ നേടി. ചോക്ലേറ്റ്, കൊക്കോ പൗഡർ, വെണ്ണ തുടങ്ങി പത്തോളം ഉത്പന്നങ്ങൾ നിർമിക്കുന്ന ബ്രൗൺ ഗോൾഡ് കൊക്കോ പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാനാണ് വർഗീസ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെയും നബാർഡിന്റെയും പിന്തുണയോടെ ആരംഭിച്ച കേരളത്തിലെ ആദ്യ കൊക്കോ കർഷക കമ്പനിയാണിത്.
ഭാര്യ: മേരിയമ്മ വർഗീസ്. മക്കൾ: ജിഫിൻ, നീതു, എബിൻ.