കേബിള്‍ ടിവിയുടെ ഫൈബര്‍ കേബിളുകള്‍ നശിപ്പിക്കുന്നതായി പരാതി
1585215
Wednesday, August 20, 2025 7:31 AM IST
കടുത്തുരുത്തി: കേബിള്‍ ടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്, ആദിത്യപുരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിയ മരിയ കേബിള്‍ ടിവിയുടെ ഫൈബര്‍ കേബിളുകളാണ് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത്.
പോസ്റ്റിലൂടെ പോയിരിക്കുന്ന കേബിളുകള്‍ ഗോവണി ഉപയോഗിച്ചു കയറിയാണ് നാശമുണ്ടാക്കിയത്. ഫൈബര്‍ കേബിളുകളുടെ ജോയിന്റ് ബോക്സുകള്‍ തല്ലിപ്പൊട്ടിച്ചും ഫൈബര്‍ കേബിളുകള്‍ മടക്കിവച്ച ശേഷം ടൈ ഉപയോഗിച്ചു കെട്ടിവച്ചും പ്ലെയര്‍ ഉപയോഗിച്ചു മുറിച്ചുമാണ് നശിപ്പിച്ചിരിക്കുന്നത്. സംഭവം സംബന്ധിച്ചു കേബിള്‍ ടിവി ഉടമ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആയാംകുടി സ്വദേശിയായ ഒരാളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.
സംഭവം സംബന്ധിച്ചു അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിലേറേയായി സമാനരീതിയില്‍ സാമൂഹ്യവിരുദ്ധര്‍ കേബിളുകള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് പലയിടത്തും കേബിള്‍ ടിവി സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്.