ഇത് ആരുടെ ആസ്ഥാനം?
1581849
Wednesday, August 6, 2025 11:51 PM IST
സ്വന്തം ലേഖകർ
ജില്ലാ ആസ്ഥാന മേഖല തെരുവു നായ്ക്കളാൽ മനുഷ്യരുടെ പൊറുതിമുട്ടിയ അവസ്ഥയിൽ. ഉടമസ്ഥരില്ലാത്ത നൂറു കണക്കിനുനായ്ക്കളാണ് പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും ഉപദ്രവമായി പാഞ്ഞുനടക്കുന്നത്. വീട്ടിൽ ഓമനിച്ചു വളർത്തുന്ന നായകളെ പലരും ബാധ്യതയോ ശല്യമോ പ്രായമോ ആകുമ്പോൾ കൂടു തുറന്നു വിടുകയോ ആൾപാർപ്പില്ലാത്ത ഇടങ്ങളിലോ വനമേഖലയിലോ തുറന്നു വിടുകയോ ആണ് ചെയ്യുന്നത്. ഇവ വൈകാതെ സമീപത്തുള്ള ടൗണുകളിലും കോളനികളിലുമെത്തി അവിടെ താവളമാക്കും. ഇതിനൊപ്പം തെരുവുനായ്ക്കൾ ഇണ ചേർന്നു പെരുകുന്നവ കൂടിയാകുന്പോൾ മാസം തോറും ഇവയുടെ എണ്ണം കൂടുന്ന സ്ഥിതിയാണ്.
കരിന്പനെ വിറപ്പിച്ചു
കഴിഞ്ഞ ദിവസം കരിമ്പൻ ടൗണിനെ തെരുവുനായ ആക്രമണം വിറപ്പിച്ചു. തെരുവുനായയുടെ പരാക്രമത്തിൽ അഞ്ചു പേർക്കു കടിയേറ്റിരുന്നു. ടൗണിലൂടെ അലഞ്ഞു നടന്നിരുന്ന തെരുവുനായ വ്യാപാരിയെയും വഴിയാത്രക്കാരെയും ഓടിച്ചിട്ടു കടിക്കുകയായിരുന്നു. പലർക്കും മാരകമായ മുറിവേറ്റു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഒടുവിൽ ആക്രമണം ഒഴിവാക്കാൻ നായയെ തല്ലിക്കൊല്ലുകയായിരുന്നു. ഹൈറേഞ്ചിലെ ഒട്ടുമിക്ക ടൗണുകളിലെയും സ്ഥിതി ഇതു തന്നെയാണ്.
ആശുപത്രിയിലും രക്ഷയില്ല
പൊതുജനങ്ങൾ ഏറെ എത്തുന്ന ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും കളക്ടറേറ്റ് പരിസരങ്ങളിലും നായകൾ തലങ്ങും വിലങ്ങും കൂട്ടത്തോടെ വിളയാടുകയാണ്. റോഡരികിൽ ആളുകൾ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾക്കായി പോരടിക്കുന്ന നായ്ക്കളുടെ ഇടയിൽ ചെന്നുപെട്ടാൽ കാൽനട യാത്രികരുടെ കാര്യം കഷ്ടമാകും.
പലേടങ്ങളിൽനിന്നായി വന്ധ്യംകരണം നടത്താൻ പിടിച്ചുകൊണ്ടു വരുന്ന നായ്ക്കളെ അതേ സ്ഥലത്തു തിരികെ കൊണ്ടു വിടുന്നതിനു പകരം ആളൊഴിഞ്ഞ പ്രദേശങ്ങളിലും ടൗണുകൾക്കു സമീപവും ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. പൊതുസമൂഹത്തിനു ഭീഷണിയായ തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയോ തുരത്തുകയോ ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം... (തുടരും).