തൊമ്മൻകുത്തിൽ അവകാശവുമായി വനംവകുപ്പ്
1582379
Friday, August 8, 2025 11:31 PM IST
തൊമ്മൻകുത്ത്: ഇല്ലാത്ത ജണ്ടകൾ ഉണ്ടെന്ന് സ്ഥാപിച്ച് കൈവശഭൂമി വനഭൂമിയെന്ന് വരുത്തിത്തീർക്കാൻ വനം വകുപ്പ് ഗൂഢനീക്കം ആരംഭിച്ചതായി തൊമ്മൻകുത്ത് നാരങ്ങാനം ജാഗ്രതാ സമിതി ആരോപിച്ചു. വിവരാവകാശ പ്രകാരം പുറത്തു വന്ന രേഖയിൽ പുതിയ രണ്ട് ജണ്ടകൾ കാണിച്ചിട്ടുണ്ട്. ഇവ എവിടെയെന്ന് ഇതുവരെ വനം വകുപ്പ് വ്യക്തമാക്കുന്നില്ല.
ജിയോ മാപ്പിംഗ് പ്രകാരം ഒരു കയ്യാലയുടെയും നാരങ്ങാനത്ത് കുടിയേറ്റം നടക്കുന്നതിന് മുന്പ് എവിടെയോ ഉണ്ടായിരുന്ന കൽക്കൂട്ടത്തിന്റയും അടുത്തുനിന്നാണ് ലൊക്കേഷൻ ഉൾപ്പെടെ കാണിച്ചിട്ടുള്ള ഫോട്ടോ പുറത്തു വിട്ടിരിക്കുന്നത്. ഇത് എന്ന് സ്ഥാപിച്ചതാണെന്ന് വ്യക്തല്ല.
വ്യാജ ജണ്ടകൾ ഉണ്ടാക്കി കുരിശ് നിൽക്കുന്ന സ്ഥലം ജണ്ടയ്ക്കുള്ളിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർഥ ജണ്ടകൾക്ക് പുറത്തുള്ള സ്ഥലത്ത് ഇനിയും അധികാരം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ ഒരു നീക്കവും അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു.
നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് നിൽക്കുന്നതുൾപ്പെടെ കർഷകന്റെ ഭൂമി വനഭൂമിയാണെന്ന് വരുത്തി തീർക്കാനുളള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
കൂടാതെ ആനയാടിക്കുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്തു വരെയുള്ള ഭാഗം കുടിയൊഴിപ്പിച്ച് ഇവിടം പിടിച്ചടക്കാനും വേണ്ടിയാണ് വനം വകുപ്പിന്റെ നീക്കമെന്നും നേതാക്കളായ ഫാ. ജയിംസ് ഐക്കമറ്റം, ഇമാം അബ്ദുൾ സമദ് സഖാഫി, പ്രകാശൻ വടുതലയിൽ, മനോജ് മാമല, സോജൻ കുന്നുംപുറം, ഫ്രാങ്ക്ളിൻ പാലക്കാട്ട് എന്നിവർ ആരോപിച്ചു.