മാതൃയാനം പദ്ധതി: യാത്ര ചെയ്തത് 1478 അമ്മമാർ
1582106
Thursday, August 7, 2025 11:26 PM IST
ഇടുക്കി: പ്രസവാനന്തരം ആശുപത്രിയിൽനിന്ന് നവജാതശിശുവുമായി വീട്ടിലെത്താൻ അമ്മമാർക്കായി ആവിഷ്കരിച്ച മാതൃയാനം പദ്ധതി വിജയകരമായി മുന്നോട്ട്. പ്രസവത്തിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഏറെ സഹായകമായ മാതൃയാനം പദ്ധതി രണ്ട് വർഷം പിന്നിടുന്പോൾ ജില്ലയിൽ 1478 അമ്മമാരെയും കുഞ്ഞുങ്ങളെയുമാണ് സുരക്ഷിതമായി വീടുകളിൽ എത്തിച്ചത്.
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന സർക്കാരിന്റെ മികവുറ്റ പദ്ധതിയാണ് മാതൃയാനം. പ്രസവം നടക്കുന്ന ജില്ലയിലെ സർക്കാർ ആശുപത്രികളിലാണ് പദ്ധതി നിലവിലുള്ളത്. എം-പാനൽ ചെയ്ത ടാക്സികളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും പ്രയോജനം നൽകിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി- 365, പീരുമേട് താലൂക്ക് ആശുപത്രി-126, തൊടുപുഴ ജില്ലാ ആശുപത്രി- 417, ഇടുക്കി മെഡിക്കൽ കോളജ്- 215, അടിമാലി താലൂക്ക് ആശുപത്രി- 355 എന്നിങ്ങനെയാണ് സർക്കാരിന്റെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം. ജനനി ശിശുസുരക്ഷ കാര്യക്രമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മാതൃയാനം പദ്ധതിക്കായി മാസം 39,000 രൂപയോളമാണ് ചെലവഴിക്കുന്നത്.