വീടുകയറി മർദനം: യുവാവ് അറസ്റ്റിൽ
1581852
Wednesday, August 6, 2025 11:51 PM IST
കരിമണ്ണൂർ: അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ പാഴൂക്കര പുളിക്കൽ മനുപ്രസാദിനും മാതാവ് രാധാമണിക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറന്പ് നടുവിൽവെളളാട് കുന്നുംപുറത്ത് അതുലിനെയാണ് (26) കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് മനുപ്രസാദ് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പ്രതി അതിക്രമം നടത്തിയത്. മനുപ്രസാദിനെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനു പ്രസാദും മാതാവും ആശുപത്രിയിൽ ചികിൽസയിലാണ്.
മനുപ്രസാദിന്റെ കുടുംബവുമായി ശത്രുതയുണ്ടായിരുന്ന അയൽവീട്ടുകാരുടെ ബന്ധുവാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. എസ്ഐ അലക്സാണ്ടർ, എസ്സിപിഒമാരായ എ.ടി. അജിത്, രജനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.