ദുരന്ത വാർഷികദിനത്തിൽ പ്രാർഥനകളോടെ പെട്ടിമുടി
1581856
Wednesday, August 6, 2025 11:51 PM IST
മൂന്നാർ: അഞ്ചു വർഷം മുന്പു നടന്ന ദുരന്തത്തിന്റെ ഓർമദിനത്തിൽ പെട്ടിമുടി പ്രാർഥനാ മുഖരിതമായി. മഹാദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഉറ്റവരുടെ ഓർമകളുമായി ബന്ധുക്കൾ വിവിധ ഇടങ്ങളിലായി പ്രാർഥനകളർപ്പിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെട്ട മതനേതാക്കളുടെ നേതൃത്വത്തിൽ മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയായിരുന്നു പ്രാർഥന നടന്നത്.
കന്പനി മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രാഹം ശവകുടീരത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. രാജമലയിൽ സെന്റ് തെരേസാസ് പള്ളിയിൽ മരിച്ചവർക്കായി പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി പേർ പെട്ടിമുടിയിൽ എത്തി. മരിച്ചവരുടെ തമിഴ്നാട്ടിൽ താമസിക്കുന്ന ബന്ധുക്കളുംഎത്തിയിരുന്നു.
2020 ഓഗസ്റ്റ് ആറിനു രാത്രി പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തൊഴിലാളി കുടുംബങ്ങളിലെ 70 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. മരിച്ചവർക്കു വേണ്ടി പ്രാർഥന നടത്തുന്പോഴും അപകടത്തിൽപ്പെട്ടവരെ കണ്ടുകിട്ടാതെ നാലു കുടുംബങ്ങൾ ഇന്നും തോരാത്ത കണ്ണീരുമായി കഴിയുന്നുണ്ട്.