സിങ്കുകണ്ടത്ത് കാട്ടാന വീണ്ടും വീട് തകർത്തു
1581860
Wednesday, August 6, 2025 11:51 PM IST
രാജാക്കാട്: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് ആക്രമണകാരിയായ ചക്കക്കൊമ്പൻ ഒരു വീട് പൂർണമായും തകർത്തു. നടുവിൽ മറിയക്കുട്ടിയുടെ വീടാണ് തകർത്തത്. ബുധനാഴ്ച പുലർച്ചെ മൂന്നിന് ആയിരുന്നു കാട്ടാനയുടെ ആക്രമണം. അടുത്ത നാളുകളിലായി മേഖലയിൽ വ്യാപകമായ നാശനഷ്ടമാണ് ചക്കക്കൊമ്പൻ വരുത്തുന്നത്. കാട്ടാന പ്രതിരോധത്തിനു വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ ചക്കക്കൊമ്പൻ മറിയക്കുട്ടിയുടെ വീട് പൂർണമായും ഇടിച്ചു തകർത്തു. മറിയക്കുട്ടി കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയിരുന്നു. സമീപവാസിയായ രാജരത്നത്തെ വീടിന് കാവൽ ഏൽപ്പിച്ചിരുന്നു.
ഓടി രക്ഷപ്പെട്ടു
വീടിന് മുൻപിൽ തീയിട്ട് രാജരത്നം ഉറങ്ങാതെ കാവലിരിക്കുമ്പോൾ ആണ് ചക്കക്കൊമ്പൻ എത്തുന്നത്. തൊട്ടടുത്തെത്തിയ ആനയെ കണ്ട് ഭയന്ന് രാജരത്നം ഓടി രക്ഷപ്പെട്ടു. പിന്നാലെ കാട്ടാന വീട് പൂർണമായും ഇടിച്ചു തകർക്കുകയായിരുന്നു.
വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു. 301 ഉന്നതിയിലും സിങ്കുകണ്ടത്തും സമീപപ്രദേശങ്ങളിലുമായി നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. മേഖലയിലുള്ളവരുടെ കൈവശഭൂമി ആയതിനാൽ നഷ്ടപരിഹാരമായി സർക്കാരിൽനിന്ന് ഒന്നും ലഭിക്കുന്നില്ല.
നടപടിയില്ല
കാട്ടാന നിരീക്ഷണത്തിനായി ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം കാര്യക്ഷമമല്ല എന്നതാണ് നാട്ടുകാരുടെ ആരോപണം.
വീടും കൃഷിയിടവും നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും കാട്ടാനയെ ജനവാസ മേഖലയിൽനിന്നു തുരത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ എം. ശ്രീകുമാർ ആവശ്യപ്പെട്ടു.