നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തീരുമാനം
1582107
Thursday, August 7, 2025 11:26 PM IST
തൊടുപുഴ: നഗരത്തിലെ ഗതാഗതം സംബന്ധിച്ച വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് ഗതാഗത ഉപദേശകസമിതി യോഗം ചേർന്നു. മോർ ജംഗ്ഷൻ ഉൾപ്പടെ പ്രധാന സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.
ബേബി മെമ്മോറിയൽ ആശുപത്രി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകും.
നഗരത്തിലെ വാഹന പാർക്കിംഗ് സംബന്ധിച്ച് ലീഗൽ സർവീസ് അഥോറിറ്റി മുൻപാകെ ഉന്നയിച്ച വിഷയത്തിലും ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ ക്രമീകരിക്കുന്നതിലും അടിയന്തര നടപടി സ്വീകരിക്കും.
കോതായിക്കുന്നിലെ ബസ് സ്റ്റാൻഡിന്റെ മാതൃകയിൽ മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുൻവശത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുംവിധം ആധുനിക രീതിയിൽ നവീകരിക്കും. നാലുവരിപ്പാത ഉൾപ്പെടെ പ്രധാന റോഡുകളിൽ രൂപം കൊണ്ട കുഴികൾ ഉടൻ അടയ്ക്കുമെന്നും പ്രധാന പോയിന്റുകളിൽ സീബ്ര ലൈൻ വരയ്ക്കുമെന്നും പിഡബ്ല്യുഡി അധികൃതർ യോഗത്തിൽ അറിയിച്ചു.
നോ പാർക്കിംഗ് ഏരിയകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പി.കെ. സാബു, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.