ചൊക്രമുടിയില്‍ ഒരു പട്ടയംകൂടി റദ്ദാക്കി
1582111
Thursday, August 7, 2025 11:26 PM IST
രാജാക്കാട്: ചൊക്രമുടി കൈയേറ്റ വിഷയത്തില്‍ വീണ്ടും റവന്യൂ വകുപ്പിന്റെ നടപടി. ഒരു അനധികൃത പട്ടയംകൂടി ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തു. ചൊക്രമുടിയുടെ തുടക്കത്തിലുള്ള വിന്റര്‍ ഗാര്ഡന് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്തത്.
പട്ടയത്തില്‍ പറഞ്ഞിരിക്കുന്ന സര്‍വേ നമ്പറും എല്‍എ നമ്പറും വ്യാജമാണെന്നു കണ്ടെത്തിയാണ് കൈയേറി വ്യാജപട്ടയം ചമച്ചെന്നതിന്റെ അടിസ്ഥാനത്തില്‍ പട്ടയം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്. ഇതോടെ ചൊക്രമുടിയില്‍ റദ്ദ് ചെയ്ത പട്ടയങ്ങളുടെ എണ്ണം അഞ്ചായി.
ഒരേക്കര്‍ അഞ്ച് സെന്റിന്റെ പട്ടയമാണ് റദ്ദ് ചെയ്തത്. 274/1എന്ന സര്‍വേ നമ്പറില്‍ എല്‍ എ 926/69 മേരിക്കുട്ടി വര്‍ഗീസ് വാഴവരയില്‍ എന്ന പട്ടയമാണ് വ്യാജമാണെന്നു കണ്ടെത്തി ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന് റദ്ദ് ചെയ്തത്.
പട്ടയമുള്‍പ്പെട്ടതായി കാണിച്ചിരിക്കുന്ന സര്‍വേ നമ്പര്‍ ചൊക്രമുടിയില്‍ കിലോമീറ്ററുകള്‍ അകലെ ബൈസണ്‍വാലി വില്ലേജിന്റെ പടിഞ്ഞാറേ ഭാഗത്താണ്.
27/1ല്‍പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
രേഖകൾ ഇല്ല
ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലെത്തി നേരിട്ട് അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പട്ടയം നല്കുന്ന ഓഫീസില്‍ സൂക്ഷിക്കുന്ന പട്ടയവുമായി നേരിട്ട് ബന്ധപ്പെട്ട അപേക്ഷ രജിസ്റ്റര്‍, പതിവ് ഉത്തരവ് രജിസ്റ്റര്‍, പട്ടയം നല്കുന്ന രജിസ്റ്റര്‍, പട്ടയ മഹസര്‍, പതിവ് ലിസ്റ്റ് എന്നിവയൊന്നും ഇല്ലെന്ന് കണ്ടെത്തി.
ആറ് ഹിയറിംഗുകളും നടത്തി. എന്നാല്‍, പട്ടയം റദ്ദ് ചെയ്യാതിരിക്കുന്നതിനു തക്ക രേഖകള്‍ ഒന്നും തന്നെ ഹാജരാക്കിയില്ലെന്ന് റവന്യൂവകുപ്പ് പറയുന്നു. തുടര്‍ന്നാണ് പട്ടയം റദ്ദ് ചെയ്തത്.
പരിശോധന തുടരും
വരും ദിവസങ്ങള്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികളിലേയ്ക്കും റവന്യൂ വകുപ്പ് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
പാറ പുറംപോക്കായ സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജ പട്ടയമുണ്ടാക്കി അതീവ പരിസ്ഥിതിപ്രാധാന്യമുള്ള മേഖലയില്‍ വന്‍കിട നിര്‍മാണം നടത്തിയതിനെത്തുടര്‍ന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ റവന്യൂ മന്ത്രിയെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി കെ. രാജന്റെ നിര്‍ദേശ പ്രകാരം ഇടുക്കി ജില്ലാ കളക്ടറാണ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയത്.