കുറുക്കന്മാർ കൂട്ടത്തോടെ ജനവാസമേഖലകളിൽ
1582108
Thursday, August 7, 2025 11:26 PM IST
തൊടുപുഴ: ജില്ലയിൽ പല പഞ്ചായത്തുകളിലും കുറുക്കന്മാരുടെ ശല്യം രൂക്ഷം. മുൻകാലങ്ങളെ അപേക്ഷിച്ച് കുറുക്കന്മാരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളും തോട്ടങ്ങളുമാണ് കുറുക്കന്മാർ താവളമാക്കിയിരിക്കുന്നത്. ഇടവെട്ടി പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ചില മേഖലകളിലും ശല്യമുണ്ട്. കൂടാതെ മലങ്കര കനാലിന്റെ കാടുപിടിച്ചു കിടക്കുന്ന കാച്ച്മെന്റ് ഏരിയായും കുറുക്കന്മാരുടെ താവളമാണ്.
ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ്മ, ചാലംകോട്, മലങ്കര എസ്റ്റേറ്റിലെ ചൊക്കൻപാറ എന്നിവിടങ്ങളിൽ കുറുക്കന്മാരുടെ ശല്യം അതിരൂക്ഷമാണ്. ഇവിടെയെല്ലാം കാടുകയറിക്കിടക്കുന്ന റബർതോട്ടങ്ങളും ആൾതാമസം കുറഞ്ഞ പുരയിടങ്ങളുമുണ്ട്. ഇവിടെയൊക്കെ നൂറുകണക്കിന് കുറുക്കന്മാർ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ കൂട്ടമായാണ് ഇവയുടെ സഞ്ചാരം. പലപ്പോഴും മഴക്കാലത്താണ് ഇവ പുറത്തിറങ്ങുന്നത്.
ഒട്ടേറെ വീടുകളിൽനിന്നു കോഴികളെ കുറുക്കന്മാർ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. നേരത്തേ ആളുകളെയും മറ്റും കാണുന്പോൾ ഇവ പുറത്തിറങ്ങില്ലായിരുന്നു. എന്നാൽ ഇപ്പോൾ തെരുവുനായ്ക്കളെ പോലെ ഇവയും ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുകയാണ്. ചില കോഴിഫാം നടത്തിപ്പുകാർ ആളൊഴിഞ്ഞ പുരയിടങ്ങളിലും മറ്റും ചത്ത കോഴികളുടെ അവശിഷ്ടങ്ങൾ തള്ളാറുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കുറുക്കന്മാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
കുറുക്കന്മാരുടെ ശല്യം വർധിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. ഇപ്പോൾ കോഴികളെ കൊന്നൊടുക്കുന്ന കുറുക്കന്മാർ കുട്ടികളെയും മറ്റും ആക്രമിക്കുമോയെന്ന ഭീതിയുമുണ്ട്. അടുത്ത നാളുകളിൽ സംസ്ഥാനത്ത് കുറുക്കന്മാർ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇവ കടിച്ചാൽ പ്രതിരോധ കുത്തിവയ്പെടുത്തില്ലെങ്കിൽ പേ വിഷബാധയ്ക്കുള്ള സാധ്യതയുമേറെയാണ്.
കാടുപിടിച്ചു കിടക്കുന്ന മേഖലകൾ വെട്ടിത്തെളിച്ച് ഇവയെ വാസസ്ഥലത്തുനിന്നു തുരത്തുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള കാടുകൾ വെട്ടിത്തെളിച്ചിരുന്നു. ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നില്ല. അതിനാൽ കുറ്റിക്കാടുകൾ കാട്ടുപന്നികളുടെയും കുറുക്കന്മാരുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. വനംവകുപ്പും ഇക്കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.