ചെറുതോണിയിൽ സിവിൽ സ്റ്റേഷൻ ഉയരും
1581594
Tuesday, August 5, 2025 11:55 PM IST
ഇടുക്കി: ഏറെക്കാലമായി ചർച്ചകളിൽ നിൽക്കുന്ന ചെറുതോണി സിവിൽ സ്റ്റേഷൻ ഒന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യത്തിലേക്കു ചുവടുവയ്ക്കുന്നു.
ചെറുതോണി ടൗണ്‍ ഹാളിനു സമീപം മിനി സിവിൽ സ്റ്റേഷന്റെ ആദ്യ ഘട്ട നിർമാണത്തിന് 10 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജില്ലാ ആസ്ഥാനത്തു പലേടത്തായി പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ ഒരു കുടക്കീഴിലേക്കു മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ഇതിനായി മൂന്ന് ഏക്കർ സ്ഥലം കൈമാറിയിരുന്നു.
മൂന്നു ബ്ലോക്കുകൾ
കെട്ടിട നിർമാണത്തിനുള്ള സാങ്കേതിക അനുമതി കിട്ടാനുള്ള നടപടി തുടങ്ങി. ഇതു ലഭ്യമാക്കുന്നതോടെ ടെൻഡർ വിളിച്ചു നിർമാണം തുടങ്ങും. 4,460 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നു ബ്ലോക്കുകളായാണ് നിർമാണം പൂർത്തിയാക്കുക.
ഇതിൽ ആദ്യത്തെ ബ്ലോക്കാണ് ഇപ്പോൾ നിർമിക്കുക. 1,600 ചതുരശ്ര മീറ്റർ വിസ്തീർണമാണ് നാലു നിലകളിലായി ഈ ബ്ലോക്കിലുള്ളത്.
മറ്റ് രണ്ട് ബ്ലോക്കുകൾ യഥാക്രമം 1590 ചതുരശ്ര മീറ്ററും 1290 ചതുരശ്ര മീറ്ററും വിസ്തീർണം ഉള്ളവയാണ്. ഈ ബ്ലോക്കുകളുടെ താഴത്തെ നില പൂർണമായും പാർക്കിംഗിന് ഉപയോഗിക്കും. ഒന്നാം നിലയിൽ സബ് ട്രഷറി പ്രവർത്തിക്കും.
ബാക്കി നിലകളിൽ താലൂക്ക് സപ്ലൈ ഓഫീസ്, സോയിൽ കണ്‍സർവേഷൻ, ലീഗൽ മെട്രോളജി, ജോയിന്റ് രജിസ്ട്രാർ ഓഫീസുകളും പ്രവർത്തിക്കുമെന്നു മന്ത്രി അറിയിച്ചു.
രൂപകല്പന
ഇങ്ങനെ
നിലവിൽ നിർമിക്കുന്ന ബ്ലോക്കിന്റെ താഴത്തെ നിലയിൽ കാന്റീൻ, ഇലക്ട്രിക്കൽ റൂം, റിക്കാർഡ്സ് റൂം, ഡൈനിംഹ് ഹാൾ, കിച്ചൻ എന്നിവയും ഒന്ന് രണ്ട് നിലകളിൽ താലൂക്ക് ഓഫീസും മൂന്നാം നിലയിൽ മെഷീൻ റൂം, ലോബി, സ്റ്റോർ, സ്റ്റെയർ റൂം എന്നിവയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.