തീവ്രമഴ മുന്നറിയിപ്പ്: കെടുതികൾ ഒഴിവായത് ആശ്വാസമായി
1581584
Tuesday, August 5, 2025 11:55 PM IST
തൊടുപുഴ: അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്തത്. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. ഉച്ചയ്ക്കു ശേഷമാണ് മഴയുടെ ശക്തി കുറഞ്ഞത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി. എന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച ജില്ലയിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്.
റെഡ് അലർട്ടിന്റെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്കും ഗ്യാപ് റോഡിലെ രാത്രി യാത്രയ്ക്കുമുള്ള നിരോധനം തുടരുകയാണ്. ഗ്യാപ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഇതിനു പുറമേ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന്റെ ഭാഗമായി മലങ്കര, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, പൊൻമുടി തുടങ്ങിയ ഡാമുകളിൽനിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും തുറന്നിരുന്ന സാഹചര്യത്തിൽ തൊടുപുഴയാർ, മൂവാറ്റുപുഴയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ കുരുതിക്കളം ചെക്ക് പോസ്റ്റിനു മുകൾ ഭാഗത്തായി റോഡിലേയ്ക്ക് വലിയ ഉരുളൻ പാറയുടെ ഒരു ഭാഗം അടർന്നു വീണിരുന്നു.
മഴ ഇങ്ങനെ
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കുറഞ്ഞ തോതിലാണ് മഴ രേഖപ്പെടുത്തിയത്. ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്. 16.8 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ഇടുക്കി - 1.60, പീരുമേട് - 10.2, തൊടുപുഴ - 3.2, ഉടുന്പൻചോല - ഒരു മില്ലിമീറ്റർ എന്നിങ്ങനെയാണ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.