നായ്ക്കൾ വളഞ്ഞ നഗരങ്ങൾ!
1581583
Tuesday, August 5, 2025 11:55 PM IST
തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം. നായശല്യം ഒഴിവാക്കാൻ ഏതെങ്കിലും പഞ്ചായത്ത് നടപടിയുമായി മുന്നോട്ടുവന്നാൽ നായസ്നേഹികളും മൃഗസ്നേഹികളുമെല്ലാം അതിനു തടയിടാൻ പരാതിയും കേസുമായി എത്തും. ഇടുക്കിയിലെ പ്രധാന ടൗണുകളിലൂടെ ദീപിക ലേഖകർ നടത്തിയ അന്വേഷണം. പരന്പര ഇന്നു മുതൽ വായിക്കുക. നായ്ക്കൾ വളഞ്ഞ നഗരങ്ങൾ.
സ്വന്തം ലേഖകർ
ഇടുക്കിയിലെ പ്രധാന ടൗണുകളെല്ലാം തെരുവുനായ്ക്കൾ വളഞ്ഞ സ്ഥിതിയിൽ. നായശല്യം കാരണം നഗരത്തിൽ പലേടത്തും ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് ജനം. വിദ്യാർഥികളും കാൽനടക്കാരുമാണ് ഏറ്റവും ഭീഷണി നേരിടുന്നത്.
എങ്ങനെയും നായ്ക്കളെ തുരത്തണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്. തെരുവുനായ്ക്കളെ നിലനിർത്തണമെന്നുള്ള മൃഗസ്നേഹികൾ അവയെ സ്വന്തം വീടുകളിലേക്കു കൂട്ടിക്കൊണ്ടുപോയി സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും നാട്ടുകാർ പറയുന്നു.
തൊടുപുഴയിൽ
തൊടുപുഴ നഗരപരിധിയിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. നിരവധി പേർ തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.
നഗരത്തിന്റെ പല ഭാഗത്തും നൂറുകണക്കിനു നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. നഗരസഭ എബിസി പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
നായ താവളങ്ങൾ
തൊടുപുഴ നഗരത്തിൽ മങ്ങാട്ടുകവല, വെങ്ങല്ലൂർ, കാഞ്ഞിരമറ്റം, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ടൗണ്‍ഹാൾ പരിസരം, സമീപ പ്രദേശങ്ങളായ കാരിക്കോട്, കുന്നം, പട്ടയം കവല, കോലാനി.
മുട്ടം പഞ്ചായത്തിൽ
മുട്ടം ടൗണിലും ഉൾ മേഖലകളിലുമായി നൂറു കണക്കിന് നായകളാണ് അലഞ്ഞു തിരിയുന്നത്.ഇതിൽ അഴിച്ചുവിട്ട് വളർത്തുന്ന നായകളും ഉൾപ്പെടുന്നു. പഞ്ചായത്തിൽ ഏതാനും മാസങ്ങൾക്ക് തെരുവു നായ കടിച്ച് ഒട്ടേറെ പേർക്കു പരിക്കേറ്റിരുന്നു.
നായ താവളങ്ങൾ
മുട്ടം ടൗണ്‍, ടാക്സി സ്റ്റാൻഡ്, പഞ്ചായത്തിനു മുൻവശം, പഴയമറ്റം, തുടങ്ങനാട്, കോടതിക്കവല. മുട്ടം -ശങ്കരപ്പിള്ളി റോഡ്.
എബിസി സെന്റർ ഇല്ലാത്ത ജില്ല
ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എബിസി സെന്റർ നിർമിക്കാൻ തീരുമാനിച്ചെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.
കുയിലിമലയിൽ ജില്ലാ പഞ്ചായത്ത് വിട്ടു നൽകിയ അരയേക്കർ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എബിസി സെന്റർ നിർമിക്കുന്നത്.
മൂന്നര കോടിയാണ് വകയിരുത്തിയത്. 52 പഞ്ചായത്തുകൾ, രണ്ട് മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവരുടെ ഫണ്ടുകൾ ഉൾപ്പെടുത്തിയാണ് നിർമാണം.
എന്നാൽ, പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽത്തന്നെ നിൽക്കുന്നു. സംസ്ഥാനത്ത് എബിസി സെന്റർ ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി.