വാഴത്തോപ്പിൽ കൃഷി ഓഫീസറില്ല; സമരം നടത്തുമെന്ന് യുഡിഎഫ്
1581593
Tuesday, August 5, 2025 11:55 PM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ കൃഷിഭവൻ നാഥനില്ലാതായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. രണ്ടു മാസങ്ങൾക്ക് മുൻപ് കൃഷി ഓഫീസർ സ്ഥലം മാറിപ്പോയിരുന്നു. പിന്നീട് പകരം കൃഷി ഓഫീസർ ഇതുവരെ ചാർജ് എടുത്തിട്ടില്ല. ഒരു കൃഷി ഓഫീസറും രണ്ട് കൃഷി അസിസ്റ്റന്റുമാരും വേണ്ടിടത്ത് ഒരു കൃഷി അസിസ്റ്റന്റു മാത്രമാണിവിടുള്ളത്.
കാലവർഷം രൂക്ഷമായി തുടരുന്ന സമയത്തു പഞ്ചായത്തിൽ കൃഷി നാശം സംഭവിച്ചാൽ സ്ഥലം സന്ദർശിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൃഷി ഓഫീസർക്ക് വാഴത്തോപ്പ് പഞ്ചായത്തിന്റെഅധികച്ചുമതല നൽകിയിരിക്കുകയാണ്.
2025-26 വർഷത്തെ പദ്ധതികൾ നടപ്പാക്കേണ്ട സമയത്താണ് നിലവിൽ ഉണ്ടായിരുന്ന കൃഷി ഒാഫീസറെ സ്ഥലം മാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തിരിക്കുന്നത്. കഞ്ഞിക്കുഴിയും വാഴത്തോപ്പും വലിയ പഞ്ചായത്തായതിനാൽ ഒരു കൃഷി ഓഫീസറെ വച്ച് പദ്ധതികൾ പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി കൃഷി ഭവൻ നടപ്പാക്കേണ്ട രാസ, ജൈവ വളങ്ങളുടെ വിതരണം, ജാതി തൈ, തെങ്ങിൻ തൈ, കുറ്റികുരുമുളക്, കാമുകിൻ തൈ വിതരണം ഉൾപ്പെടെ ഓട്ടേറെ പദ്ധതികൾ നടപ്പാക്കേണ്ട സന്ദർഭത്തിലാണ് ഓഫീസറെ സ്ഥലം മാറ്റിയത്.
ഈ പദ്ധതികൾ മഴക്കാലം തീരുന്നതിനു മുൻപ് നടപ്പാക്കിയെങ്കിൽ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കുകയുള്ളു. പുതിയ 15 പ്രോജക്ടുകളും മൂന്ന് സ്പിൽ ഓവർ പ്രൊജക്ടുകളും ഉൾപ്പെടെ 18 പ്രൊജക്ടാണ് ഈ വർഷം നടപ്പാക്കേണ്ടത്. ഇതിന് എല്ലാം കൂടി ആകെ വകയിരുത്തിയിരിക്കുന്നത് 86,75,331 രൂപയാണ്.
അടിയന്തരമായി വാഴത്തോപ്പ് കൃഷി ഭവനിൽ മുഴുവൻ സമയ കൃഷി ഓഫീസറെ നിയമിച്ചില്ലെങ്കിൽ ജില്ലാ കൃഷി ഓഫീസ് ഉൾപ്പെടെ കേന്ദ്രീകരിച്ച് ശക്തമായ സമര പരിപാടികൾ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് പഞ്ചായത്തംഗങ്ങളായ വിൻസന്റ് വള്ളാടി, ടിന്റു സുഭാഷ്, സെലിൻ വിത്സൺ, കൂട്ടായി കറുപ്പൻ, ഏലിയാമ്മ ജോയി, അജേഷ് കുമാർ, ആലീസ് ജോസ് എന്നിവർ അറിയിച്ചു.